ജനീവ:ലോകത്ത് മങ്കിപോക്സ് മൂലം സംഭവിക്കുന്ന മരണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി ലോകാരോഗ്യ സംഘടന. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്സ് കേസുകള്‍ മൂലം കൂടുതല്‍ മരണം പ്രതീക്ഷിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ മുതിര്‍ന്ന എമര്‍ജന്‍സി ഉദ്യോഗസ്ഥ കാതറിന്‍ സ്മോള്‍വുഡ് പ്രസ്താവനയില്‍ പറഞ്ഞു.
ആഫ്രിക്കയ്ക്ക് പുറത്ത് കുരങ്ങുപനി ബാധിച്ച് ഉണ്ടായ നാല് മരണങ്ങള്‍ രോഗത്തിന്‍റെ വ്യാപനവും ഭീകരതയും വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി. മങ്കിപോക്സ് വ്യാപനത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ സംഘടന ഈ പകര്‍ച്ചവ്യാധി മൂലം കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.അതേസമയം, രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് സ്മോള്‍വുഡ് നിര്‍ദ്ദേശിച്ചു. രോഗം വ്യാപിക്കുന്നുവെങ്കിലും മിക്ക കേസുകളിലും ചികിത്സയില്ലാതെ രോഗം സുഖപ്പെടുമെന്നും സ്മോള്‍വുഡ് ഊന്നിപ്പറഞ്ഞു.
അതേസമയം, ലോകാരോഗ്യ സംഘടനയുടെ ജൂലൈ 28 ലെ അവസാനത്തെ അപ്‌ഡേറ്റ് അനുസരിച്ച്, മെയ് മാസത്തില്‍ ആദ്യമായി ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ആദ്യത്തെ മങ്കിപോക്സ് കേസ് ഇപ്പോള്‍ 78 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു. കൂടാതെ, 18,000-ത്തിലധികം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ആഫ്രിക്കയില്‍ 5, സ്പെയിന്‍ 2, ബ്രസീല്‍ 1, ഇന്ത്യ 1 എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. കേരളത്തില്‍ നിന്നുള്ള 22 കാരനായ യുവാവ് മങ്കിപോക്സ് ബാധിച്ച് ശനിയാഴ്ച മരിച്ചിരുന്നു. ജൂലൈ 21 ന് യുഎഇയില്‍ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തിയ അദ്ദേഹം മസ്തിഷ്ക ജ്വരവും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 27 ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതുവരെ, ഇന്ത്യയില്‍ 6 മങ്കിപോക്സ് കേസുകളാണ് സ്ഥിരീകരിച്ചത്. അതില്‍ മൂന്നെണ്ണം കേരളത്തിലും ഒന്ന് ഡല്‍ഹിയിലുമാണ്. അതേസമയം, കേരളത്തില്‍ നിന്ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത രോഗി സുഖപ്പെട്ട് ശനിയാഴ്ച ആശുപത്രി വിട്ടു.