കൊച്ചി : കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ഡലം, ഉരുക്കുകോട്ട, പി.ടിയുടെ മണ്ഡലം അങ്ങനെ തൃക്കാക്കര നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിനൊപ്പമെന്ന് തെളിയിച്ച നിയമസഭാ മണ്ഡലമാണ്. മണ്ഡലം നിലവില്‍ വന്ന ശേഷം നടന്ന ശേഷം 2011 നടന്ന ആദ്യ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ 22,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹന്നാന്‍ തൃക്കാക്കരയില്‍ വിജയിച്ചു കയറിയത്. പിന്നീട് 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനെ തന്നെ തൃക്കാക്കര തുണച്ചു.
17000ത്തിലധികം വോട്ടിന്റെ ശക്തമായ ഭൂരിപക്ഷത്തില്‍ കെ വി തോമസ് തൃക്കാക്കരയില്‍ നിന്ന് ലോക്‌സഭയിലേക്ക്. 2016ല്‍ പി .ടി തോമസ് അങ്കം കുറിച്ച് തുടങ്ങിയ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ 11,996 വോട്ടുകളുടെ ഭൂരിപക്ഷമാണ് പി.ടിക്ക് മണ്ഡലത്തില്‍ നേടാനായത്. സിറ്റിംഗ് എംഎല്‍എയ്ക്ക് പകരം കോണ്‍ഗ്രസ് കളത്തിലിറക്കിയ പി.ടിയുടേതായ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷം കുറഞ്ഞു കോണ്‍ഗ്രസിന്. എല്‍ഡിഎഫിന് 36 ശതമാനം വോട്ടുകള്‍.
ഇനി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം. ഹൈബി ഈഡന് വിജയം. 2021ലും കോണ്‍ഗ്രസിനെ കൈവിടാത്ത ഉരുക്കുകോട്ടയായി അങ്ങനെ തൃക്കാക്കര മാറി. മണ്ഡലരൂപീകരണം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് മുതല്‍ 2021 വരെ കോണ്‍ഗ്രസിനെ സംരക്ഷിച്ചുനിര്‍ത്തി, അടിയുറച്ച കോണ്‍ഗ്രസ് മണ്ഡലമായി തൃക്കാക്കര രൂപാന്തരം പ്രാപിച്ചു.
2021ല്‍ ഡോ.ജെ ജേക്കബിനെ നിര്‍ത്തിയഎല്‍ഡിഎഫിന് പരാജയം സമ്മാനിച്ച് ഭൂരിപക്ഷമുയര്‍ത്തിക്കൊണ്ട് പി.ടി തോമസിന്റെ ജയം. 45000ത്തോളം വോട്ടുകളോടെ ഡോക്ടര്‍ക്ക് ലഭിച്ചത് 33.32 ശതമാനം വോട്ട്. 11,996ത്തില്‍ നിന്ന് 14,329ലേക്ക് പി.ടിയുടെ ഭൂരിപക്ഷം കയറി. ബിജെപി സ്ഥാനാര്‍ത്ഥി എസ്. സജിക്ക് 15,483 വോട്ടുകളും ട്വന്റി 20 സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ് 13,897 വോട്ടുകളും നേടി യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.
99ല്‍ നിന്ന് നൂറിലേക്കെന്ന സ്വപ്‌നത്തോടെ തൃക്കാക്കരയില്‍ എല്‍ഡിഎഫ് കളത്തിലിറക്കിയ ജോ ജോസഫ് എന്ന ഹൃദ്രോഗ വിദഗ്ധന് ഭരണമുന്നണിയുടെ അഭിമാനം കാക്കാനാകുമോ അതോ, ‘സര്‍ക്കാരിന്റെ ഹുങ്ക്’ അവസാനിപ്പിച്ച്, വികസനത്തിനെതിരായി ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഫലമാകുമോ യുഡിഎഫ് എന്നെല്ലാമറിയാന്‍ ഇനി കേവലം കുറഞ്ഞ മണിക്കൂറുകള്‍ മാത്രം. വോട്ട് വിഹിതം കൂടുമെന്നും എല്‍ഡിഎഫോ യുഡിഎഫോ ജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനും ഇതിനോടകം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.