കണ്ണൂര്‍: തന്റെ ബൈക്കിനെ ആര് ഓവര്‍ടേക്ക് ചെയ്താലും കല്ലെറിയുന്ന ആൾ പിടിയിൽ. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയില്‍ വീട്ടില്‍ ഷംസീര്‍ (47) ആണ് എതിര്‍ദിശയില്‍ നിന്ന് ഓവര്‍ടേക്ക് ചെയ്ത് വരുന്ന വാഹനങ്ങളെ കല്ലെറിഞ്ഞ് വീഴ്ത്തുന്നത് ഹോബിയാക്കിയത്. മത്സ്യ വില്‍പ്പനക്കാരനായ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. ഓവര്‍ടേക്ക് ചെയ്ത് കടന്നു വരുന്ന വാഹനങ്ങളെ എറിയാനായി ഇയാള്‍ ബൈക്കിന് മുന്നിലെ ബാഗില്‍ നിറയെ കല്ലുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
ആംബുലന്‍സ് അടക്കം ഏഴു വാഹനങ്ങളാണ് ഷംസീര്‍ ഇത്തരത്തില്‍ എറിഞ്ഞു തകര്‍ത്തത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഷംസീറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. കണ്ണൂര്‍ എകെജി, ചാല മിംസ് ആശുപത്രികളുടെ ആംബുലന്‍സുകളും ഇയാളുടെ കല്ലേറില്‍ കേടുപറ്റിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.