കൊച്ചി : ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രഖ്യാപിച്ച ഏകീകൃത സിവില്‍ കോഡാണ് രാജ്യത്ത് നിലവിലെ ചര്‍ച്ചാവിഷയം. മുത്തലാഖ്, പൗരത്വ നിയമഭേദഗതി ബില്‍, കാശ്‌മീര്‍ സ്വയംഭരണാവകാശം എടുത്തുമാറ്റുക എന്നിവക്ക് പുറമെ മറ്റൊരു പ്രഖ്യാപനത്തിലൂടെ രാജ്യത്ത് കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രണ്ട് തവണ തെരഞ്ഞെടുപ്പിന് ഒരുങ്ങിയപ്പോഴും ബിജെപിയുടെ പ്രകടന പത്രികയിലെ മുഖ്യ വാഗ്‌ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡുകള്‍ നടപ്പിലാക്കുക എന്നത്. ഏകീകൃത സിവില്‍ കോഡ് രാജ്യത്തെ വിഭജനത്തിലേയ്‌ക്ക് നയിക്കും, ജനങ്ങള്‍ അസ്വസ്ഥരാകും തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികളും ന്യൂനപക്ഷങ്ങളും ഉയര്‍ത്തുന്നത്. എന്നാല്‍ രാജ്യത്ത് ലിംഗ നീതിയും സമത്വവും കൊണ്ടുവരും എന്നതാണ് ബിജെപിയുടെ പക്ഷം. യഥാര്‍ത്ഥത്തില്‍ ഏകീകൃത സിവില്‍ കോഡിനെ ഭയക്കേണ്ടതുണ്ടോ? ബിജെപി ലക്ഷ്യം വെയ്ക്കുന്നത് എന്താണെന്ന് നോക്കാം.
ഇന്ത്യ പോലെ ഒരു മതേതര രാജ്യത്ത് ഒരു വ്യക്തിക്ക് അവന്‍റെ വിശ്വാസങ്ങളും ആചാരങ്ങളും തുടര്‍ന്നുപോകുവാനുള്ള സ്വാതന്ത്രം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഒരോ മതങ്ങളെയും ആചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വ്യക്തി നിയമങ്ങള്‍ക്ക് പകരം ഓരോ പൗരനെയും നിയന്ത്രിക്കുന്ന ഒരു പൊതുനിയമം ഉപയോഗിച്ച് മാറ്റം സൃഷ്‌ടിക്കുക എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് അര്‍ഥമാക്കുന്നത്. വ്യക്തിനിയമം, സ്വത്ത്, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം എന്നിവയാണ് പ്രധാനമായും ഈ നിയമത്തില്‍ ഉള്‍ക്കൊള്ളുന്നത്. ഭരണഘടനയുടെ 44ാം അനുച്ഛേദം ഏകീകൃത സിവില്‍ കോഡ് ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെടുന്നു. സംസ്ഥാന നയത്തിന്‍റെ നിര്‍ദേശക തത്വങ്ങള്‍ എന്ന തലക്കെട്ടിലുള്ള ഭരണഘടനയുടെ നാലാം ഭാഗത്താണ് ഇത് ഉള്‍പ്പെട്ടിരിക്കുന്നത്.
ഏകീകൃത സിവില്‍ കോഡ് വഴി യഥാര്‍ത്ഥ മതേതരത്വം പ്രോത്സാഹിപ്പിക്കപ്പെടും എന്നാണ് ബിജെപി സര്‍ക്കാരിന്റെ വാദം. ഏത് മതത്തില്‍ ഉള്‍പ്പെട്ടവരായാലും ഒരു നിയമം തന്നെ പാലിക്കണം. എന്നാല്‍ സ്വന്തം മതം പിന്തുടരുവാനുള്ള ഒരു സ്വാതന്ത്രത്തിന് മേല്‍ വിലങ്ങു തടിയാകുമോ എന്നുള്ളതാണ് ഭൂരിഭാഗം ജനങ്ങളുടെയും ഭയം. ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുവദിക്കുന്ന ഇസ്ലാം മതത്തില്‍പ്പെട്ട ഒരു വ്യക്തിക്ക് ഈ നിയമം നടപ്പിലായാല്‍ അതിനും നിയന്ത്രണമുണ്ടാകും. ഭൂരിഭാഗം ആളുകളും ഒരു വിവാഹം എന്ന നിയമമാണ് പിന്തുടരുന്നത്. സ്‌ത്രീകള്‍ക്ക് അധിക പരിഗണന ഈ നിയമം നടപ്പിലാക്കുന്നത് വഴി ലഭിക്കുന്നുെവന്നാണ് ബിജെപി പക്ഷം.
എന്നാല്‍ ഏകീകൃത സിവില്‍ കോഡിനെ പൊതുജനങ്ങള്‍ ഭയപ്പെടുന്നത്തിന്റെ അല്ലെങ്കില്‍ പിന്തുണ നല്‍കാത്തതിന്റെ കാരണങ്ങള്‍ കൂടി നമ്മള്‍ ഈ സാഹചര്യത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തിക്ക് അവന്‍ ആഗ്രഹിക്കുന്ന മതം പിന്തുടരാന്‍ ഭരണഘടന അവകാശം നല്‍കുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ ആരാണ് എന്നതാണ് നിലവിലെ പൊതുജനങ്ങളുടെ സംശയം. മതസ്വാതന്ത്രത്തിന്റെ വ്യാപ്‌തി കുറയുന്നു എന്ന് മറ്റൊരു അര്‍ത്ഥത്തില്‍ പറയാം. സ്വാതന്ത്രാനന്തര ഇന്ത്യ വൈവിധ്യത്തില്‍ അധിഷ്ടിതമാണ്. അതിനാല്‍ തന്നെ ഇത്തരം ഒരു നിയമം നടപ്പിലാക്കുക പ്രയാസമാണ്. മനുഷ്യാവകാശത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിയമങ്ങളും ശൈശവ വിവാഹം പോലുള്ളവ തടയുന്ന നിയമങ്ങളും രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള പല പരിഷ്‌കാരങ്ങളും രാജ്യത്തെ ആളിക്കത്തിച്ചതു പോലെ ഈ നിയമം നടപ്പിലാക്കിയാല്‍ ഇന്ത്യ ഒരു യുദ്ധഭൂമിയായി മാറുമോയെന്നതാണ് എല്ലാവരും ഭയപ്പെടുന്നത്.