കൊച്ചി : മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവീ ക്ഷേത്രത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. തെങ്ങുകൾ മറിച്ചിട്ടു, മതിൽ തകർത്തു. പുലർച്ചെ ക്ഷേത്രമൈതാനത്ത് എത്തിയ കാട്ടാനകൾ തെങ്ങുകൾ കൂട്ടത്തോടെ മറിച്ചിട്ടു. മൂന്നു ഭാഗത്തായി മതിൽ തകർത്തു. അടുത്തിടെ നിർമിച്ച കിണറിന്റെ ചുറ്റുമതിൽ പൊളിച്ചു. ക്ഷേത്രത്തിലെ സൗണ്ട് സിസ്റ്റം നശിപ്പിക്കുകയും ചെയ്തതായി നാട്ടുകാർ വ്യക്തമാക്കി.
കുറച്ചുദിവസങ്ങളായി മലയാറ്റൂരിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ട്. കഴിഞ്ഞയാഴ്ച കുട്ടിയാന കിണറ്റിൽ വീണ സ്ഥലത്തിനു സമീപമാണ് ഇന്ന് ആനക്കൂട്ടമെത്തിയത്. ജനവാസമേഖലയിലിറങ്ങിയുള്ള കാട്ടാനകളുടെ പരാക്രമം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.