റിയാദ് : സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധന കർശനമായി തുടരുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ 19,199ലേറെ വിദേശ തൊഴിലാളികളാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ട് മുതൽ 14 വരെയുള്ള കാലയളവിൽ 11,742 ഇഖാമ നിയമലംഘകരും 4,103 അതിർത്തി സുരക്ഷാ ചട്ട ലംഘകരും 3,354 തൊഴിൽ നിയമലംഘകരുമാണ് പിടിയിലായത്.
അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരുടെ ആകെ എണ്ണം 916 ആയി. ഇവരിൽ 46 ശതമാനം യമനികളും 53 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തി വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 101 പേരെ സുരക്ഷാ വകുപ്പ് പിടികൂടി. നിയമ ലംഘനങ്ങൾക്കായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ നേരിടുന്നവരുടെ ആകെ എണ്ണം 52,411 പുരുഷന്മാരും 5,121 സ്ത്രീകളും ഉൾപ്പെടെ ആകെ 57,532 പേരാണ്. 9,813 നിയമലംഘകരെ നാടുകടത്തി. 50,525 നിയമലംഘകരുടെ കേസ് യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.