റാന്നി: അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ ജണ്ടായിക്കൽ വലിയകുളം അത്തിക്കയം റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേട് . നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ കഴിയുന്നതിനുള്ളിൽ തന്നെ റോഡിലെ ടാറിംങ് ഇളകി കുഴികൾ രൂപപ്പെട്ടു തുടങ്ങി.തുടക്കത്തിലെ നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.എങ്കിലും ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റോഡിൻ്റെ നിർമ്മാണം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്താൽ ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചില്ല എന്ന വ്യാപക ആക്ഷേപവും ഉയരുന്നുണ്ട്.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി തവണ ജനങ്ങൾ കരാറുകാരെ നിർമ്മാണത്തിന്റെ അപാകത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇത് പരസ്പരം വാക്ക് തർക്കത്തിനും ഇടയായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം നിരവധി പരാതികൾ ജനപ്രതിനിധികൾക്കും,പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കും നൽകിയിരുന്നു.
നാളുകൾക്കു ശേഷം നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് മരാമത്ത് ചീഫ് എൻജിനീയർ അടക്കം പരിശോധന നടത്തിയെങ്കിലും തുടർ നടപടി വേഗത്തിൽ നടത്താഞ്ഞത് മൂലം കിലോമീറ്ററോളം നീളത്തിൽ റോഡ് പെട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. നിർമ്മാണത്തിന്റെ അപാകത നാട്ടുകാർ ആരോപിച്ചപ്പോൾ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും തങ്ങളുടെ പരാതിയെ അവഗണിക്കുന്നു എന്ന് പറഞ്ഞു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു.തുടക്കത്തിൽ ബി എം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നിർമ്മാണം നടത്തുമെന്ന് പറഞ്ഞെങ്കിലും തീരുമാനം മാറ്റി. ഒട്ടും നിലവാരമില്ലാത്ത തരത്തിലാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.തന്നെയുമല്ല ജൽ ജീവൻ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ സ്ഥാപിച്ചിട്ട് വേണമായിരുന്നു റോഡ് നിർമ്മാണം ആരംഭിക്കേണ്ടിയിരുന്നത് എന്നാൽ അതും നടന്നില്ല.കുടിവെള്ള പൈപ്പുകളിലെ തകരാർ പരിഹരിച്ച ശേഷം മാത്രമേ റോഡ് നിർമ്മാണം നടത്താവു എന്ന ആവശ്യം കരാറുകാരും ഉദ്യോഗസ്ഥരും അട്ടിമറിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.
മരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഏകോപനം ഇല്ലായ്മയാണ് ഇതിന് കാരണം. ജനങ്ങൾ നൽകിയ തുറന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. അതേത്തുടർന്ന് ജെസിബി ഉപയോഗിച്ച് നിലവിൽ ടാർ ചെയ്തിരുന്നതും ഇളകിപ്പോയതുമായ സ്ഥലങ്ങളിൽ പൂർണമായും ടാറിങ് ഇളക്കി മാറ്റി വീണ്ടും ടാറിങ് നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളിയാണ് റോഡിൻ്റെ നിർമാണം ഗുണനിലവാരം ഇല്ലാതായത് എന്നാണ് നാട്ടുകാരുടെ ആരോപണം.