കൊല്ലം : ആയൂർ – അഞ്ചൽ റോഡിൽ പെരുങ്ങള്ളൂരിൽ സ്ഥാപിച്ച കള്ളുഷാപ്പിനെതിരെ വ്യാപക പ്രതിഷേധം. ഷാപ്പ് മൂലം ജനങ്ങളുടെ സ്വൈര്യജീവിതം നഷ്ടമായെന്നും കള്ള് ഉത്പാദനം പേരിനുപോലും ഇല്ലാത്ത ഇവിടെ കള്ളുഷാപ്പ് തുടങ്ങിയതിനു പിന്നില്‍ നിഗൂഡമായ ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ത്തോമ്മാ പള്ളി, ഐ.പി.സി, ഷാരോൺ, എ.ജി ചർച്ചുകൾ, കത്തോലിക്കാ പള്ളി, ശിശുമന്ദിരം, ക്ഷേത്രങ്ങൾ, മോസ്ക് തുടങ്ങിയവയും ഈ ഷാപ്പിനു ഏറെ ദൂരെയല്ലാതെയുണ്ട്. ഈ റോഡിൽ നിരവധി അപകടങ്ങള്‍ നടക്കാറുണ്ട്.
ഈ കള്ളുഷാപ്പുകൂടി വരുമ്പോൾ ഇതിന്റെ എണ്ണം പെരുകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് എത്രയും വേഗം ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിളക്കുപാറ ഡാനിയേൽ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു. സി.പി.എം നേതാവ് അലക്സ് പി.സ്കറിയ അധ്യക്ഷത വഹിച്ചു. പെരുങ്ങള്ളൂർ പ്രവാസി അസോസിയേഷന്‍ ഭാരവാഹി ജോജി.കെ.തോമസ്സ് തുടര്‍ സമരപരിപാടികള്‍ വിശദീകരിച്ചു.