പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണം വ്യാപകമാകുന്നു. എല്ലായിടത്തും മോഷണം നടത്തുന്നത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. മോഷണം നടന്ന വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജില്ലയില്‍ നടക്കുന്ന മോഷണങ്ങള്‍ക്കുപിന്നില്‍ ഒരേ സംഘമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. അടൂര്‍ താലൂക്കിലെ പറക്കോടാണ് ആദ്യം മോഷണം നടന്നത്. ഇതിനുശേഷം കൊടുമണ്‍ പഞ്ചായത്തിലെത്തിയ സംഘം വ്യാപകമായി കാണിക്കവഞ്ചികള്‍ കുത്തിത്തുറക്കുകയും കൊടുമണ്‍ ബെവ്കോ ഔട്ട്‌ലെറ്റിലും മോഷണം നടത്തി. മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ച് കടത്തിയത്.
ഇവര്‍ മോഷണം നടത്തുന്ന സി.സി.റ്റി.വി. ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മദ്യക്കുപ്പികള്‍ മോഷ്ടിച്ച സംഘം ഓട്ടോറിക്ഷയിലാണ് ഇവിടെ നിന്നും പോയത്. ഇതിന് ശേഷം ആറന്മുളയിലെത്തിയ മോഷ്ടാക്കള്‍ ക്ഷേത്രങ്ങളുടെ വഞ്ചികളും വ്യാപകമായി കുത്തിത്തുറന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇവര്‍ വിലപിടിപ്പുള്ള പലതും അപഹരിച്ചുവെങ്കിലും ചിലയിടങ്ങളില്‍ മോഷണം നടത്തുവാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം അടൂരിലും വലിയ മോഷണം നടന്നിരുന്നു. മണക്കാല അന്തിച്ചിറ കോട്ടൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് വന്‍ കവര്‍ച്ച നടന്നത്. ജില്ലയില്‍ മോഷണം വ്യാപകമായ സാഹചര്യത്തില്‍ മോഷ്ടാക്കളെ പിടികൂടുവാനുള്ള അന്വേഷണത്തിലാണ് പോലീസ്.































