ഡല്‍ഹി : ഭാര്യയും കാമുകനും ചേര്‍ന്ന് ഉറങ്ങികിടന്നിരുന്ന ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. 46 വയസ്സുള്ള ശരത് ദാസാണ് കൊല്ലപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാനാണ് അനിത എന്ന മുപ്പതുകാരി ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊന്നത്. കൊലപാതകം നടത്തിയ ശേഷം ഭര്‍ത്താവ് മരിച്ചത് കൊവിഡ് ബാധിച്ചാണെന്നാണ് യുവതി അയല്‍വാസികളോട് പറഞ്ഞിരുന്നത്. കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
പോലീസ് എത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. അശോക് ദാസ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അനിത കുറ്റസമ്മതം നടത്തിയത്. താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാള്‍ക്കൊപ്പം ജീവിക്കാനാണ് ഭര്‍ത്താവിനെ കൊന്നതെന്നുമാണ് അനിത കുറ്റസമ്മതം നടത്തിയത്. കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനിത പോലീസിന് നല്‍കിയ മൊഴി.