കോന്നി : ദിവസങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ ലഭിക്കുന്ന കാർഷീക വിളകൾ കാടിറങ്ങി എത്തുന്ന വന്യ മൃഗങ്ങൾ നശിപ്പിക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ട ഗതികേടിലാണ് കോന്നിയിലെ കർഷകർ.
മലയോര മേഖലയായ കോന്നിയിലെ സാധാരണക്കാരായ ജനങ്ങൾ കൃഷിയിലൂടെയാണ് കൂടുതലും ഉപജീവന മാർഗം കണ്ടെത്തുന്നത്. വാഴയും കപ്പയും കാച്ചിലും ചേനയുമെല്ലാം വിളവെടുപ്പിന് പാകമാകുന്നതിന് മുമ്പുതന്നെ വന്യ മൃഗങ്ങൾ നശിപ്പിച്ച് കളയുകയാണ്.
കാർഷീക ലോണുകളും മാറ്റ് വായ്‌പ്പകളും എടുത്താണ് ഇവരിൽ പലരും കൃഷി തുടങ്ങുന്നത്. കൃഷി ചെയ്ത് വിളകൾ വിറ്റു കിട്ടിയെങ്കിൽ മാത്രമേ എടുത്ത വായ്പകൾ കർഷകർക്ക് തിരിച്ചടക്കാൻ കഴിയുകയുമുള്ളൂ. എന്നാൽ വിളവെടുക്കാൻ പാകമാകുന്നതിന് മുമ്പ് തന്നെ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിച്ച് കഴിഞ്ഞിരിക്കും. കോന്നി നിയോജക മണ്ഡലത്തിലെ തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ, കലഞ്ഞൂർ, ഏനാദിമംഗലം, മൈലപ്ര തുടങ്ങി എല്ലാ പഞ്ചായത്തുകളിലേയും കർഷകർ കൃഷി പൂർണ്ണമായി അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.
ആന, കുരങ്ങ്, കാട്ടുപന്നി, മ്ലാവ്, കേഴ, തത്ത തുടങ്ങിയവയെല്ലാം ശല്യക്കാരായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കുളത്തുമൺ നന്ദിയാട്ട് തോമസ് ജോസഫിന്റെ കൃഷിയിടത്തിൽ കാട്ടാനയുടെ ആക്രമണമുണ്ടായത്. വിളവെടുക്കാൻ പ്രായമായ എഴുപത്തിയഞ്ച് മൂടിലധികം വാഴയാണ് കാട്ടാനകൾ നശിപ്പിച്ച് കളഞ്ഞത്. കഴിഞ്ഞ മാസവും ഈ കൃഷിയിടത്തിൽ കാട്ടാനകൾ നാശം വിതച്ചിരുന്നു. തണ്ണിത്തോട്, കൊക്കാത്തോട് മേഖലകളിലും വന്യമൃഗശല്ല്യം രൂക്ഷമായി തുടരുകയാണ്.
വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കാർഷീക വിളകൾക്ക് അർഹമായ നഷ്ട പരിഹാരം ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുകയാണ്. വനാതിർത്തികളിൽ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജ വേലികളിൽ പലതും പ്രവർത്തനക്ഷമമല്ല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ കൃഷി അവസാനിപ്പിക്കാനാണ് മലയോര മേഖലയിലെ കർഷകരുടെ തീരുമാനം.