പുല്‍പള്ളി : ചീയമ്പത്തിനടുത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നു. ചീയമ്പത്തെ ലത മുരളീധരന്റെ കൃഷിയിടത്തിന് സമീപമിറങ്ങിയ പന്നിയെയാണ് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്ന അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉത്തരവിട്ടതത് പ്രകാരമാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലുള്ള വനപാലകരുടെ നേതൃത്വത്തിലാണ് പന്നിയെ വെടിവെച്ച് കൊന്നത്.
ഇന്നലെ രാവിലെയാണ് ചീയമ്പം 73 റൂട്ടിലെ കൃഷിയിടത്തോട് ചേര്‍ന്നുള്ള ഓവുചാലില്‍ കാട്ടുപന്നിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനപാലകരും പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാറും സ്ഥലത്തെത്തി. പ്രദേശത്തെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊല്ലണമെന്ന് നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനെത്തില്‍ പന്നിയെ വെടിവെച്ച് കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക അധികാരവും ഉപയോഗിച്ചു.
തുടര്‍ന്ന് ഇരുളം ഡെപ്യൂട്ടി റേഞ്ച് ഓഫിസില്‍നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥനത്തി പന്നിയെ വെടിവെച്ചു. ഒറ്റവെടിയില്‍ തന്നെ പന്നി ചത്തു. ജഡം സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചു സംസ്‌കരിക്കുന്നതിനു വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോയി.