കണ്ടമംഗലം : കാട്ടുപന്നിയുടെ ആക്രമണം വീട്ടമ്മയ്ക്കു പരിക്കേറ്റു. സമീപത്തുള്ള ഒരാളെയും കാട്ടുപന്നി ആക്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. കണ്ടമംഗലം പുതുപ്പറന്പില്‍ ചിന്നമ്മ(60), പള്ളിവാതുക്കല്‍ ലാലു ജോര്‍ജ് (34) എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഓടിക്കയറിവന്ന് പന്നി ആക്രമിക്കുകയായിരുന്നെന്നു ചിന്നമ്മ പറഞ്ഞു.
ചിന്നമ്മയുടെ കാലിനു പരിക്കേറ്റു. ബഹളം വെച്ചതിനെതുടര്‍ന്ന് റൂമില്‍ ഓടിനടന്ന പന്നി പിന്നീട് വന്നവഴി തന്നെ തിരിഞ്ഞോടുകയായിരുന്നു. ചിന്നമ്മയുടെ വീട്ടില്‍നിന്നും ഇറങ്ങി ഓടുന്നതിനിടെയാണ് ലാലു ജോര്‍ജിനെ ആക്രമിച്ചത്. പറമ്പിലെ കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന ലാലു ജോര്‍ജിനെ പന്നി കുത്തിമറിച്ചിട്ടു. ലാലു ജോര്‍ജിന്റെ കാലിനു പരിക്കുണ്ട്. തേറ്റ കൊണ്ട് കുത്തി ആഴത്തില്‍ മുറിവേറ്റ നിലയിലാണ്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.