പന്തളം : പന്തളം തെക്കേക്കരയില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കൃഷിയിടത്തിൽമാത്രം ഒതുങ്ങിനിന്ന പന്നിയുടെ ശല്യം ഇപ്പോൾ യാത്രക്കാർക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്.
കടയ്ക്കാട് ഭാഗത്ത് പന്നിയിടിച്ച് ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നത്, വീട്ടമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത്, അമ്പലക്കടവിൽ കൃഷിയിടത്തിലേക്കിങ്ങിയ ഗൃഹനാഥനെ കുത്തിയത്, പന്തളം തെക്കേക്കരയിൽ കപ്പത്തോട്ടത്തിൽ നിന്ന കർഷകനെ കുത്തിപ്പരിക്കേൽപ്പിച്ചത്, പൈപ്പിടാൻ കുഴിയെടുക്കുന്നതിനിടയിൽ പന്നിയുടെ ആക്രമണത്തിൽ തൊഴിലാളിയുടെ കാഴ്ച നഷ്ടപ്പെട്ടത് ഉൾപ്പെടെ ഒട്ടേറെ അപകടങ്ങളാണ് പന്നികാരണം ഉണ്ടായിട്ടുള്ളത്.
പന്തളത്തിനടുത്ത് കുരമ്പാല ഗ്രാമത്തിലെ രണ്ട് കർഷകരാണ് കഴിഞ്ഞ ഒക്ടോബറിൽ പാടത്ത് വൈദ്യുതവേലിയിൽത്തട്ടി ഷോക്കേറ്റ് മരിച്ചത്. കൃഷിയിടത്തിലിറങ്ങിയ പന്നിയെ തുരത്താൻവേണ്ടി സ്ഥാപിച്ചതായിരുന്നു വൈദ്യുതവേലി. വനത്തിന്റെ അതിർത്തിയിൽനിന്ന് മുപ്പത് കിലോമീറ്ററിലധികം ദൂരമുള്ള പ്രദേശമാണെങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി ഇവിടെ കാട്ടുപന്നികളുടെ ശല്യംകാരണം കർഷകർ പൊറുതിമുട്ടിയിരിക്കുകയാണ്. പന്തളം തെക്കേക്കരയിലെയും തുമ്പമണിലെയും പന്തളം നഗരസഭാപ്രദേശത്തെ കുരമ്പാലപോലെയുള്ള കാർഷികമേഖലകളിലെയും കർഷകർ പലരും കൃഷി ഉപേക്ഷിച്ചുതുടങ്ങിക്കഴിഞ്ഞു. പാടത്തും പറമ്പിലും ഒരു കൃഷിയും ചെയ്യാൻകഴിയാത്ത അവസ്ഥയാണിവിടെ.