പത്തനംതിട്ട: കാട്ടുപന്നി ശല്യം കൂടുതലുള്ള മേഖലകളിൽ ഇവയെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങളും നവംബറിൽ അവസാനിക്കും. നിലവിലുള്ള ഉത്തരവിന്റെ ആറുമാസക്കാലാവധി നവംബറിൽ അവസാനിക്കുകയാണ്. ഉത്തരവിന്റെ കാലാവധി നീട്ടാതെ കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.
കേന്ദ്ര വനം, വന്യജീവി സംരക്ഷണ നിയമപ്രകാരം ശല്യം രൂക്ഷമായ മേഖലകളിൽ കാട്ടുപന്നിയെ കൊല്ലുന്നതിന് സംസ്ഥാന വൈൽഡ് ലൈഫ് വാർഡൻ പ്രത്യേക ഉത്തരവിലൂടെ അനുമതി നൽകുകയായിരുന്നു. ഇതനുസരിച്ച് പ്രത്യേക നിബന്ധനകളും തയാറാക്കിയിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തി വനംവകുപ്പിനെ അറിയിക്കുകയും ജനജാഗ്രതാ സമിതികൾ രൂപീകരിച്ച് നടപടികളെടുക്കുകയും വേണമെന്നാണ് വ്യവസ്ഥ. വനപാലകർ കൂടി അടങ്ങുന്നതാണ് സമിതി.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഇറങ്ങിയിട്ട് ആറുമാസമായി. ഇതനുസരിച്ച് കാട്ടുപന്നിയെ വെടിവെച്ചത് ഏതാനും പ്രദേശങ്ങളിൽ മാത്രമാണ്. പത്തനംതിട്ട ജില്ലയിൽ കോന്നി അരുവാപ്പുലത്താണ് ആദ്യമായി ഒരു കാട്ടുപന്നിയെ വെടിവെച്ചത്. ആദ്യ ഉത്തരവിൽ വനപാലകർക്കാണ് വെടിവെയ്ക്കാൻ അനുമതിയുണ്ടായിരുന്നത്.
പിന്നീട് ഇത് പുതുക്കി ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്ന ആർക്കും വെടിവെയ്ക്കാൻ അനുമതി നൽകി. ഇത്തരക്കാരെ വനപാലകർ കൂടി അംഗീകരിച്ച് ലിസ്റ്റ് ചെയ്യണം.
കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലകൾ കണ്ടെത്തി ജാഗ്രതാസമിതി രൂപീകരിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനായതും ഏതാനും തദ്ദേശസ്ഥാപനങ്ങളിൽ മാത്രമാണ്. ലോക്ക്ഡൗണ്, കോവിഡ് വ്യാപനം ഇവയുടെ പശ്ചാത്തലത്തിൽ നടപടികൾ മുന്നോട്ടുപോയില്ല. ഇക്കാലയളവിലാകട്ടെ കാട്ടുപന്നിയുടെ ശല്യം കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു. ഇവയെ ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റി കൊല്ലുകയെന്നതാണ് കർഷക സംഘടനകളുടെ ആവശ്യം. കൃഷിനാശം കൂടുതൽ പ്രദേശങ്ങളിൽ ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷിനാശം വരുത്തി. മലയാലപ്പുഴ, കുമ്പഴ, അയിരൂർ, ചിറ്റാർ പ്രദേശങ്ങളിൽ നിന്നു കാട്ടുപന്നി ശല്യത്തെക്കുറിച്ചു പരാതികളേറി. മരച്ചീനി, ചേമ്പ് എന്നിവയാണ് വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിളവെത്താറിയ കാർഷികവിളകൾക്കാണ് നാശമേറെയുമുണ്ടായിട്ടുള്ളത്.