കോന്നി : കെ.എസ്.ഇ.ബി ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ച് കാട്ടുപന്നിയെ ഷോക്കടിപ്പിച്ച് കൊന്ന് ഇറച്ചിയാക്കിയ രണ്ട് പേരെ വനംവകുപ്പ് പിടികൂടി.
വി.കോട്ടയം വേങ്ങനിൽക്കുന്നതിൽ വീട്ടിൽ ഗോപി (65), മണ്ണിൽ വീട്ടിൽ പ്രസാദ് കുമാർ (55) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. പ്രസാദ് കുമാറിന്റെ വീടിനോട് ചേർന്ന സ്ഥലത്താണ് ഇവർ കെണി ഒരുക്കിയത്. നാൽപ്പത് കിലോയോളം തൂക്കം വരുന്ന പന്നിയെ ഇവർ ഷോക്ക് അടിപ്പിച്ച് കൊന്നതിന് ശേഷം ഇറച്ചി കശാപ്പ് ചെയ്യുന്നതിനിടയിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അടക്കമുള്ള വനപാലക സംഘം ഇവരെ പിടികൂടുകയായിരുന്നു. പകൽ പതിനൊന്ന് മണിയോടെ ആണ് ഇവർ വനപാലകരുടെ പിടിയിലായത്. കശാപ്പ് ചെയ്ത ഇറച്ചി, ഉപകരണങ്ങൾ, വൈദ്യുതി എടുക്കുവാന്‍ ഉപയോഗിച്ച തോട്ടി, സ്കൂട്ടര്‍ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.