നീലഗിരി : പന്തല്ലൂര്‍ താലൂക്കില്‍ മഴവന്‍ ചേരമ്ബാടി വയലില്‍ സ്വകാര്യ തോട്ടത്തിലെ ചതുപ്പില്‍ വീണ് കാട്ടാനക്കുട്ടി ചെരിഞ്ഞു. പരിസരത്തേക്ക് വനംവകുപ്പ് അധികൃതരെ കയറാന്‍ അനുവദിക്കാതെ കാട്ടാനക്കൂട്ടം ചതുപ്പിന് ചുറ്റും കൂട്ടംകൂടി നില്‍ക്കുകയാണ്. കാട്ടാനക്കൂട്ടം വെള്ളിയാഴ്ച രാത്രിയാണ് കൃഷിസ്ഥലത്തേക്ക് ഇറങ്ങിയത്. തുടര്‍ന്ന് കുട്ടിയാന ചതുപ്പില്‍ വീണ് ചെരിഞ്ഞു.
ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കാട്ടാനക്കുട്ടി ചെളിയില്‍ മുങ്ങി ചെരിഞ്ഞ നിലയില്‍ കാണുകയും വനംവകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. രാവിലെ വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും വൈകുന്നേരം വരെ കാട്ടാനകള്‍ ചതുപ്പിലേക്ക് അടുക്കാന്‍ അനുവദിച്ചില്ല. ആനക്കൂട്ടത്തെ പ്രദേശത്തുനിന്ന് മാറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ തടസപ്പെട്ടു.