റാന്നി: കാടിറങ്ങി പുഴ കടന്ന് ഒറ്റയാൻ ജനവാസ മേഖലയായ വടശ്ശേരിക്കര ഒളികല്ലില്‍ എത്തുന്നതുമൂലം പ്രദേശത്തെ ജനങ്ങള്‍ കനത്ത ഭീതിയില്‍. ഒളികല്ല് ഭാഗത്ത് നിന്നും താമരപ്പള്ളി തോട്ടം വഴി കല്ലാറ് മുറിച്ച് കടന്ന് കുമ്പളത്താമൺ കരയിൽ വരെ കാട്ടാനയെത്തുന്നത് ജനങ്ങളിൽ വലിയ തോതില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തോളമായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ട്. മുമ്പ് രാത്രി സമയങ്ങളിൽ ആയിരുന്നെങ്കിൽ ഇപ്പോൾ പകലും കാട്ടാന ജനവാസ മേഖലയിലേക്ക് എത്തുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് കാട്ടാന കല്ലാർ മുറിച്ചു കടന്ന് കുമ്പളത്താമൺ കരയിൽ കയറിയിരുന്നു. രാത്രി ജനവാസ മേഖലകളിലെ കൃഷിവകകളും ചക്കയും ഉൾപ്പെടെ അകത്താക്കിയ ശേഷം വെളുപ്പിനെ തിരികെ കാട്ടിലേക്ക് കടക്കും.
ആനയുടെ സാന്നിധ്യം മൂലം ടാപ്പിംഗ് തൊഴിലാളികൾക്ക് പുലർച്ചെ ടാപ്പിംഗിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. തോട്ടങ്ങളിൽ റബർ വെട്ടാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ഭീതി ഉളവാക്കുന്നതാണെന്നാണ് ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ പറയുന്നത്. കൂറ്റൻ റബർ മരങ്ങൾ ഉൾപ്പെടെയുള്ള മൂടോടെ പിഴുത് നിലത്തിട്ട് നശിപ്പിക്കുന്നു. ഈ മാസം ആദ്യം കൃഷിയിടത്തിൽ വന്യ മൃഗങ്ങൾ കയറാതിരിക്കാൻ സ്വകാര്യ വ്യക്തികൾ 3 ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച സോളാർ വേലികളും മറ്റും തകര്‍ത്ത് തരിപ്പണമാക്കി. വനം വകുപ്പ് സ്ഥാപിക്കുന്ന സോളാർ വേലികളുടെ സ്ഥിതിയും ഇതുതന്നെ. കാട്ടാനക്ക് പുറമെ കാട്ടുപോത്തും കേഴയും പന്നികളും മേഖലയിൽ കൃഷി നഷിപ്പിക്കുന്നുണ്ട്. വന്യ മൃഗ ശല്യത്തിന് വനം വകുപ്പും സർക്കാരും ശ്വാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.