റാന്നി : കൃഷിയിടത്തിൽ നാശം വിതച്ചിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഉതിമൂട് – കുമ്പളാംപൊയ്ക മേഖലയിൽ വ്യാപകമായി കാട്ടുപന്നി കൃഷി നശിപ്പിക്കുന്നു എന്ന കര്‍ഷകരുടെ പരാതിയെത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പന്നിയെ വെടിവെച്ച് കൊന്നത്.
രാത്രി വൈകി സ്ഥലത്തു നിരീക്ഷണം നടത്തി വരവേ ഉതിമൂട് – കുമ്പളാംപൊയ്ക റോഡരികിൽ കൃഷിയിടം നശിപ്പിക്കുന്ന കാട്ടുപന്നിയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ സംഘത്തോടൊപ്പമുണ്ടായിരുന്ന ഷാലോൺ പനവേലിൽ പന്നിയെ വകവരുത്തുകയായിരുന്നു. കാട്ടുപന്നിയെ വെടിവെയ്ക്കാൻ തോക്ക് ലൈസൻസുള്ള ഷാലോൺ മുമ്പും സമാനമായ രീതിയിൽ നിരവധി കാട്ടുപന്നികളെ വകവരുത്തിയിട്ടുണ്ട്. വനം വകുപ്പ് റാന്നി റേഞ്ച് ഉദ്യോഗസ്ഥർ മേൽനടപടികൾ സ്വീകരിച്ചു ജഡം മറവുചെയ്തു.