മലപ്പുറം: സത്യത്തിനും നീതിക്കുംവേണ്ടി ഇനിയും പോരാട്ടം തുടരുമെന്ന് മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ. ഒരു കൊല്ലത്തിൽത്താഴെയാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് മുൻപെന്നത്തെയുംപോലെ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ മലപ്പുറത്ത് അഡ്മിനിസ്‌ട്രേഷൻ ഡിവൈ.എസ്.പി.യായി ചുമതലവഹിച്ചിട്ടുള്ള എസ്. ശശിധരൻ 2023 നവംബർ 22-നാണ് ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റത്. വിവാദത്തിൽപ്പെട്ട എസ്. സുജിത്ദാസ് സ്ഥലംമാറിപ്പോയ ഒഴിവിലായിരുന്നു അത്. എസ്.പി.യായി ചുമതലയേറ്റതുമുതൽ ശശിധരൻ ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെ കണ്ണിലെ കരടായി.
കഴിഞ്ഞവർഷം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ അദ്ദേഹത്തെ കടുത്തഭാഷയിൽ വിമർശിച്ചു. കേസുകളുടെ എണ്ണംകൂട്ടാൻ അനാവശ്യമായി കേസുകളെടുക്കുന്നുവെന്നായിരുന്നു ആരോപണം. ഈവർഷത്തെ പോലീസ് അസോസിയേഷൻ ഉദ്ഘാടനച്ചടങ്ങിൽ പി.വി. അൻവർ എം.എൽ.എ.യും ശശിധരനെ വേദിയിലിരുത്തി അവഹേളിച്ചു. അദ്ദേഹവും കേസുകളുടെ എണ്ണത്തിൽത്തന്നെയാണ് ഊന്നിയത്. സുജിത്ദാസിന്റെ കാലത്തുനടന്ന ഒരു കയർമോഷണത്തിന്റെ പ്രതികളെ പിടികൂടിയില്ലെന്ന ആരോപണവും അൻവർ ഉന്നയിച്ചു.