റാന്നി : കുടമുരുട്ടി-ചണ്ണ മേഖലയിലെ ജനവാസ മേഖലയിലേക്ക് ആനയുൾപ്പടെയുള്ള വന്യ ജീവികൾ പ്രവേശിക്കാതിരിക്കാൻ വനം വകുപ്പ് സ്ഥാപിച്ച സൗരോർജ്ജവേലിയുടെ കമ്പികള്‍ മോഷണം പോയി. കഴിഞ്ഞ ദിവസം പോലും സൗരോർജ്ജ വേലി തകർത്തു കാട്ടാന കൃഷിയിടങ്ങളിൽ ഇറങ്ങിയ പ്രദേശത്തിനോട് ചേര്‍ന്നാണ് ഇത്തരത്തിലുള്ള പ്രവർത്തി നടന്നിരിക്കുന്നത്. കാട്ടാനക്ക് പുറമേ കാട്ടുപന്നിയും കാട്ടുപോത്തും ഉൾപ്പടെയുള്ള വന്യ മൃഗങ്ങൾ ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.
ഇതോടെ ജനങ്ങൾ പരാതിയുമായി എത്തിയതോടെയാണ് വനം വകുപ്പ് ഇവിടങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിച്ചത്. സൈമൺ പുന്നക്കാടൻ എന്ന വ്യക്തിയുടെ വസ്തുവിനോട് ചേർന്ന് സ്ഥാപിച്ച വേലികളിലെ കമ്പികളാണ് മോഷണം പോയിരിക്കുന്നത്. വൈദ്യുതി പ്രവഹിക്കാത്ത സമയം നോക്കി ഏതോ സാമൂഹ്യ വിരുദ്ധരാണ് ഇത്തരത്തിൽ കമ്പികൾ കടത്തിയിരുന്നത്. സംഭവത്തിൽ വനം വകുപ്പ് പെരുനാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.