തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആര് മാലയിട്ട് സ്വീകരിച്ചാലും ബസില്‍ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിയോടൊപ്പം എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് കേസില്‍ പ്രതിയായ സവാദ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്.
ആള്‍ കേരള മെന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് കുമാറിന്റെ നേതത്വത്തില്‍ പൂമാലിട്ടായിരുന്നു ആലുവ സബ് ജയിലില്‍ നിന്നും പുറത്തെത്തിയ സവാദിനെ സ്വീകരിച്ചത്. സംഭവത്തില്‍ പരാതിക്കാരിയായ യുവതിയും ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. നഗ്‌നനത പ്രദര്‍ശിപ്പിച്ചതിനാണോ സവാദിന് മാലയിട്ട് സ്വീകരണം നല്‍കിയതെന്നും ഇത് ലജ്ജാവഹം ആണെന്നുമാണ് പെണ്‍കുട്ടി പ്രതികരിച്ചത്. സംഭവത്തിന് ശേഷം പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണെന്നും പരാതിക്കാരി ആരോപിച്ചു.