പ്രതാപ്ഗഡ് : യുപിയിലെ പ്രതാപ്ഗഡ് ജില്ലയിൽ യുവാവ് അധ്യാപികയെ പെട്രോൾ ഒഴിച്ച് ജീവനോടെ കത്തിച്ചു. അക്രമണത്തിനിടെയുണ്ടായ ബലപ്രയോഗത്തിനിടെ യുവാവിനും പൊള്ളലേറ്റു. യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രതിയായ യുവാവ് അധ്യാപികയുമായി പ്രണയത്തിലായിരുന്നുവെന്നും , ഈ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കൊഹന്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അധ്യാപികയായ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 15 വയസ്സുള്ള സഹോദരിയോടൊപ്പം വീട്ടിൽ നിന്ന് സ്കൂളിലേക്ക് നടക്കുകയായിരുന്നു യുവതി. വീടിന് മുന്നൂറ് മീറ്റർ മുന്നിലേക്ക് പോയപ്പോൾ കോഹന്ദൗറിലെ ചന്ദൗക ഗ്രാമവാസിയായ വികാസ് യാദവ് എന്ന യുവാവ് അധ്യാപികയെ വഴിയിൽ തടഞ്ഞു.
തുടർന്ന് പ്രതിയായ യുവാവും അധ്യാപികയും തമ്മിൽ തർക്കം തുടങ്ങി. ഇതിനിടെ യുവതിയുടെ മേൽ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. യുവതിയുടെ നിലവിളി കേട്ടതോടെ ഗ്രാമവാസികൾ സ്ഥലത്തെത്തി പ്രതിയായ യുവാവിനെ പിടികൂടി. ഗുരുതരമായി പൊള്ളലേറ്റ പ്രതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തുകയാണ്.