പത്തനംതിട്ട : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമര ജാഥ ഫെബ്രുവരി 4 – ന് ചിറ്റാറിൽ. വമ്പിച്ച വരവേൽപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. വന്യജീവി ആക്രമണങ്ങളിൽ നിന്നും മലയോര ജനങ്ങളുടെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും സംരക്ഷണം നല്കുക. കാർഷിക മേഖലയിലെ തകർച്ചക്കും ബഫർ സോൺ വിഷയത്തിനും പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയയോര സമര ജാഥ 2025 ഫെബ്രുവരി 4 – ചൊവ്വാഴ്ച്ച വൈകിട്ട് 3- മണിക്ക് ചിറ്റാറിൽ എത്തിച്ചേരുമെന്നും സമര ജാഥക്ക് മലയോര പ്രദേശമായ ചിറ്റാറിൽ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകരേയും മറ്റ് ജനവിഭാങ്ങളേയും അണിനിരത്തി വമ്പിച്ച വരവേൽപ്പ് നല്കുമെന്നും മലയോര സമര ജാഥയുടെ സ്വാഗത സംഘം ചെയർമാൻ കൂടിയായ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ വി.ഡി സതീശനെയും മറ്റ് ജാഥകൾ, യു.ഡി.എഫ് നേതാക്കൾ എന്നിവരെ ചിറ്റാർ ടൗണിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ സമ്മേളന വേദിയായ ചിറ്റാർ ബസ് സ്റ്റാന്റിലേക്ക് ആനയിക്കും. സ്വീകരണത്തിന് ശേഷം ഡി.സി.സി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന, ജില്ലാ നേതാക്കൾ പ്രസംഗിക്കും. മലയോര സമര ജാഥയെ വരവേൽക്കുവാൻ ചിറ്റാർ കൊടി തോരണങ്ങൾ, ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ എന്നിവ കൊണ്ട് ഒരുങ്ങി കഴിഞ്ഞതായും കുറഞ്ഞത് അയ്യായിരം പ്രവർത്തകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
സമര ജാഥയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘവും അതിനായുള്ള ഓഫീസും പ്രവർത്തനം നടത്തിവരുന്നതായും മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.ഡി.എഫ് ജില്ലാ, ബ്ലോക്ക്, മണ്ഡലം, വാർഡ് കമ്മിറ്റികളും കോൺഗ്രസ്, ഘടകക്ഷി യോഗങ്ങളും പൂർത്തിയാക്കിയതായും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. വന്യജീവി ആക്രമണങ്ങളിൽ നിന്നും മലയോര ജനതയെ സംരക്ഷിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ അനാസ്ഥക്കും കെടുകാര്യസ്ഥതക്കും എതിരായ വൻ താക്കീതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര ജാഥ മാറുമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി പറഞ്ഞു.