പന്തളം: കലയോട് നീതിപുലർത്തുകയും ചിത്രകലയെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ചെയ്ത അതുല്യ പ്രതിഭയായ ആർട്ടിസ്റ്റ് വി.എസ്.വല്യത്താന്റെ ഓർമ്മയ്ക്കായി പന്തളത്ത് ഗവൺമെന്റിന്റെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രം തുടങ്ങുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പന്തളം മണികണ്ഠനാൽത്തറയ്ക്കു സമീപം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശിഷ്യരും ചേർന്ന് തുടങ്ങിയ വി.എസ്.വല്യത്താൻസ് ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ഥലം ലഭിക്കുകയെന്നതുമാത്രമാണ് പ്രശ്നം, ഇത് നൽകാമെന്ന് എം.എൽ.എ. ചിറ്റയം ഗോപകുമാർ ഉറപ്പുനൽകിയതോടെയാണ് സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നതിന് തടസമില്ലെന്ന് മന്ത്രി അറിയിച്ചത്. ആർട്ട് ഗാലറിമാത്രമല്ല വേണ്ടത് അതിനെ സാംസ്കാരിക കേന്ദ്രമായി ഉയർത്തിയാൽ മാത്രമേ നിലനിൽപ്പുണ്ടാവുകയുള്ളു, എം.എൽ.എ. ഫണ്ടിനൊപ്പം ഗവൺമെന്റ് ഫണ്ടുകൂടി ചേർത്തായിരിക്കും കേന്ദ്രത്തിന്റെ നിർമ്മാണമെന്നും വല്യത്താനുവേണ്ടി ഇത് നേരത്തേതന്നെ തുടങ്ങേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ഐഡിയൽ ശ്രീകുമാർ, മുൻ മന്ത്രി പന്തളം സുധാകരൻ, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ലസിതാ നായർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എസ് അനീഷ് മോൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സഖറിയ വർഗീസ്, നഗരസഭാ കൗൺസിലർ പി.കെ.പുഷ്പലത, ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി കെ.ജി. അനിൽകുമാർ, സ്വാഗതസംഘം രക്ഷാധികാരി പി.രാമവർമരാജ, എമിനൻസ് സ്കൂൾ ചെയർമാൻ പി.എം.ജോസ്, കൊട്ടാരം നിർവാഹകസംഘം മുൻ സെക്രട്ടറി പി.എൻ.നാരായണ വർമ, ചിത്രകാരൻ മനു ഒയാസിസ്, ആർട്ട് ഗാലറി ഡയറക്ടർ കണ്ണൻ ചിത്രശാല എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ചിത്രകലാ ക്യാമ്പ് നടത്തി.