ഏതൊരു ഇവി പ്രേമിയും ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയും കൂടുതല്‍ റേഞ്ചുമുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്ന് സ്വന്തമാക്കാനായിരിക്കും. ഈ പ്രത്യേകതകളോടെ ഓല ഇലക്ട്രിക് സ്വാതന്ത്ര്യദിനത്തില്‍ പുതിയ S1X റേഞ്ച് ഇവികള്‍ പുറത്തിറക്കിയിരുന്നു. 4 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചാണ് ഓല S1X+ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. ഇതുവരെ ഡെലിവറി ആരംഭിച്ചിട്ടില്ലെങ്കിലും ഓലയുടെ പുത്തന്‍ ലോഞ്ചുകള്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ഈ സാഹചര്യത്തില്‍ വലിയ ബാറ്ററി പായ്ക്ക് സജ്ജീകരിച്ച ഏഥര്‍ 450S HR എന്ന പുത്തന്‍ മോഡലിലൂടെ ഓല S1X+ ഇവിയുടെ എതിരാളിയായി കളത്തിലിറക്കാനുള്ള പ്ലാനിലാണ് ഏഥര്‍ എനര്‍ജി. കമ്പനി തങ്ങളുടെ നിലവിലെ ഏറ്റവും താങ്ങാനാകുന്ന മോഡലായ 450S ഇലക്ട്രിക് സ്‌കൂട്ടറില്‍ 2.9 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം മുന്‍നിര മോഡലായ ഏഥര്‍ 450X 2.9 kWh നും 3.7 kWh നും ഇടയിലുള്ള ബാറ്ററി പായ്ക്ക് ചോയ്സുകളില്‍ വാങ്ങാന്‍ സാധിക്കും. 450S ഇവിയിലും ഇതേ പാത പിന്തുടരാനാണ് സാധ്യത. ‘ഹൈ റേഞ്ച്’ അല്ലെങ്കില്‍ ‘ഹയര്‍ റേഞ്ച്’ എന്നാണ് ഏഥര്‍ 450S HR-ലെ ‘HR’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പുതിയ ഹോമോലോഗേഷന്‍ രേഖകള്‍ അനുസരിച്ച് നിലവിലുള്ള മോഡലുകളില്‍ നിന്ന് വലിപ്പത്തില്‍ യാതൊരു മാറ്റവുമില്ല. ഏഥര്‍ 450S HR-ന് 1837 mm നീളവും 739 mm വീതിയും 1114 mm ഉയരവും 1296 mm വീല്‍ബേസും ഉണ്ട്. മറ്റ് ഏതര്‍ സ്‌കൂട്ടറുകളുടേതിന് സമാനമായി 243 കിലോ ഭാരമാണ് ഇതിനുള്ളത്. ഫീച്ചറുകളുടെ കാര്യത്തില്‍ വരാനിരിക്കുന്ന നിലവിലെ 450S ഇവിയുമായി സാമ്യത പുലര്‍ത്തും.
അങ്ങനെ വരുമ്പോള്‍ കിടിലന്‍ ഫീച്ചറുകളും ടെക്‌നോളജിയും ഉള്‍ക്കൊള്ളുന്ന 7 ഇഞ്ച് TFT ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നഷ്ടമാകും. അതേസമയം സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് എന്നിവയെ പിന്തുണയ്ക്കുന്ന 7 ഇഞ്ച് ഡീപ്‌വ്യു നോണ്‍ ടച്ച് ഡിസ്‌പ്ലേ ആയിരിക്കും ലഭിക്കുക. ഏഥര്‍ 450S HR ഒരുതവണ ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏഥറിന്റെ മുന്‍നിര മോഡലായ 450X-ന്റെ മൂന്നാം തലമുറ പതിപ്പിനേക്കാള്‍ കൂടുതല്‍ റേഞ്ച് ഇതിന് ലഭിക്കുമെന്നാണ് അവകാശവാദം.
3.7 kWh ബാറ്ററി സജ്ജീകരിച്ച ഏഥര്‍ 450X ജെന്‍ 3-യേക്കാള്‍ 10 കിലോമീറ്റര്‍ കൂടുതലാണ് ഏഥര്‍ 420S HR-ന്റെ ക്ലെയിം ചെയ്ത റേഞ്ച്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഫുള്‍ ചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. HR പതിപ്പിനെ ഏഥര്‍ 450S മോഡലുമായി തട്ടിച്ച് നോക്കുമ്പോള്‍ റേഞ്ചിന്റെ കാര്യത്തില്‍ വലിയ അന്തരം കാണാം. HR പതിപ്പിന് 450S മോഡലിനേക്കാള്‍ 41 കി.മീ ക്ലെയിമ്ഡ് റേഞ്ചും 20 കി.മീ ട്രൂറേഞ്ചും കൂടുതല്‍ പറയുന്നു. നിക്കല്‍, കോബാള്‍ട്ട് അടിസ്ഥാനമാക്കിയുള്ള ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആയിരിക്കും പുതിയ മോഡലിന് ലഭിക്കുകയെന്നാണ് ഹേമോലോഗേഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നത്. 3 ഫേസ് PMS മോട്ടോറില്‍ നിന്നായിരിക്കും പവര്‍ എടുക്കുക. സ്പോര്‍ട്സ് മോഡില്‍ 5.4 kW വരെ പീക്ക് പവര്‍ (7.24 bhp)പുറപ്പെടുവിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ആയിരിക്കും ഇത്.