ബെംഗളൂരു: ബെംഗളൂരുവില്‍ തര്‍ക്കത്തെ തുടര്‍ന്ന് മലയാളി യുവാവിനെ കുത്തിക്കൊന്ന യുവതി അറസ്റ്റില്‍. കര്‍ണാടകയിലെ ബെലഗാവി സ്വദേശിനി രേണുക ആണ് അറസ്റ്റിലായത്. മലയാളിയായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ കണ്ണൂര്‍ സ്വദേശി ആണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച അക്ഷയ നഗറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. ഇരുവരും കഴിഞ്ഞ മൂന്നര വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്നു. വാടക വീട്, ലോഡ്ജ്, സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. രണ്ടാളും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
ചൊവ്വാഴ്ച, വാക്കുതര്‍ക്കം രൂക്ഷമായപ്പോള്‍ രേണുക, ജാവേദിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ ജാവേദിനെ മുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തി. അടുത്തായി രേണുക ഇരിക്കുന്നതും കണ്ടു. അയല്‍വാസികള്‍ ഉടന്‍ തന്നെ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രേണുക കുറ്റം സമ്മതിച്ചതായി ഹുളിമാവ് പോലീസ് അറിയിച്ചു.