കൊല്ലം: കോവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കടയ്ക്കലിലാണ് സംഭവം.
അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ നിന്ന് കോവിഡ് പരിശോധനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവതിയ്ക്ക് യാത്രയ്ക്കിടെ രോഗം സ്ഥിരീകരിച്ച് സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ യുവതി പരിഭ്രാന്തിയിലായി. പോസ്റ്റിലിടിച്ച് മറിഞ്ഞ കാര്‍ പൂര്‍ണമായും തകര്‍ന്നു. നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും രോഗബാധിതയായ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.
രോഗം സ്ഥിരീകരിച്ചതിനാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പോലും തയ്യാറായില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ അഗ്നി ശമന സേനാംഗങ്ങള്‍ യുവതിയ്ക്ക് പിപിഇ കിറ്റ് നല്‍കിയെങ്കിലും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഇതോടെ ഒന്നര മണിക്കൂറോളം യുവതി നടുറോഡില്‍ ഇരുന്നു. പിന്നീട് ബന്ധുക്കള്‍ എത്തിയാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്.