ദില്ലി: വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. ആറ് ക്ലോസുകളില്‍ വോട്ടെടുപ്പ് നടന്നു. 454 പേരുടെ പിന്തുണയോടെ ലോക്‌സഭ ബില്‍ പാസാക്കി. എഐഎംഐഎം പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. അസദുദ്ദീന്‍ ഉവൈസി ബില്ലില്‍ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിര്‍ദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. സ്ലിപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. നാളെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും.
ബില്‍ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരികിലെത്തിയ ബിജെപി അംഗങ്ങള്‍ അദ്ദേഹത്തെ നന്ദി അറിയിച്ചു. ചരിത്രപരമായ നേട്ടമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം രചിക്കുക മാത്രമല്ല രാജ്യത്ത് തുല്യവും ലിംഗഭേദം ഉള്‍ക്കൊള്ളുന്നതുമായ വികസനം വളര്‍ത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ നയിക്കുന്ന ഭരണത്തോടുള്ള മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത ബില്ല് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.