കൊല്ലം: വനിതാ പോലീസ് സ്റ്റേഷനില്‍ ഏറ്റുമുട്ടിയ എസ്‌ഐമാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പൊതു ജനസമക്ഷമായിരുന്നു വനിതാ എസ്‌ഐമാരുടെ കൈയാങ്കളി. കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. ഇവിടെ സ്ഥലം മാറി വന്ന വനിതാ എസ്‌ഐ ഡെയ്സിയാണ് പ്രതി സ്ഥാനത്തെന്ന് പറയുന്നു.
വനിതാ സ്റ്റേഷനില്‍ എസ്‌ഐയുടെയും എസ്‌എച്ച്‌ഒ യുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനര്‍ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേക്കാന്‍ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമക്കു ലഭിച്ചിരുന്നില്ല.
ഇതു മൂലം ചുമതല ഒഴിയാന്‍ അവര്‍ വിസമ്മതിച്ചു. രാവിലെ മുതല്‍ തര്‍ക്കങ്ങള്‍ തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് കസേര തനിക്ക് വിട്ടുതരണമെന്ന് ഡെയ്സി അവശ്യപ്പെടുകയും മേശപൂട്ടി താക്കോലെടുക്കുകയും ചെയ്തു. ഇത് ഫാത്തിമ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ കൈയ്യാങ്കളിയിലെത്തിയത്. പിടിവലിയില്‍ ഫാത്തിമയുടെ കൈക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇവരുടെ കൈയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. വനിതാ പോലീസ് സ്‌റ്റേഷനില്‍ സഹായം തേടിയെത്തിയ നിരവധി സ്ത്രീകളുടെ മുന്‍പിലായിരുന്നു കൈയ്യാങ്കളി.
ഫാത്തിമയും ഡെയ്സിയും ഒരേ ബാച്ചില്‍ ട്രെയിനിംഗ് കഴിഞ്ഞ് ജോലിക്കു കയറിയവരാണ്. അധികാരസ്ഥാനത്തെ ചൊല്ലി ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോയാണ് സംഭവത്തിനു പിന്നിലെന്ന് സേനയിലുള്ളവര്‍ തന്നെ രഹസ്യമായി പറയുന്നു. വനിതാ ഇന്‍സ്പെക്ടറുടെ നിയമനം നടക്കാത്തതാണ് അധികാരത്തര്‍ക്കത്തിനു കാരണമാകുന്നതെന്നും ചൂണ്ടി കാണിക്കപ്പെടുന്നു.
സംഘര്‍ഷത്തില്‍ പരിക്കേറ്റ എസ്.ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ എസ് ഐ പ്ലാസ്റ്ററിട്ട ശേഷം ആശുപത്രി വിട്ടു. ജിഡി രജിസ്റ്റര്‍ പരിശോധിക്കുന്നതിന് വേണ്ടിയുള്ള പിടിവലിയാണ് വാക്ക് തര്‍ക്കത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. റൂറല്‍ പോലിസ് മേധാവിയുടെ മൂക്കിന് കീഴെയാണ് വനിതാ സെല്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത്രവലിയ ചേരിതിരിവ് സെല്ലില്‍ നിലനിന്നിട്ടും ഇന്റലിജന്‍സിനോ റൂറല്‍ പോലിസ് മേധാവിക്കോ ഇത് കണ്ടെത്താനായില്ല.
പരസ്പര തര്‍ക്കം ഡി ജി പിക്ക് മുന്‍പില്‍ വരെ എത്തിയിട്ടും ഒരേ ഓഫീസില്‍ ഇവരെ തുടരാന്‍ അനുവദിച്ചതിലും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി. ജില്ലാ പോലിസ് ആസ്ഥാനത്തിന് കീഴെയാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചത്. സത്രീകളുള്‍പ്പെടെ ധാരാളം പേര്‍ പരാതി പരിഹരിക്കാനുള്‍പ്പെടെ എത്തുന്ന സ്ഥലമാണ് വനിതാ സെല്‍. ഇവര്‍ക്ക് മുന്നില്‍ വെച്ചായിരുന്നു എസ്.ഐ മാര്‍ തമ്മിലുള്ള അടിപിടി. സംഭവത്തെപ്പറ്റി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.