പെരുമണ്ണ : ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെത്തുടർന്ന് എട്ടു വിദ്യാർഥിനികളെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടുള്ള സ്വകാര്യ കോച്ചിങ് സെന്ററിന്റെ പെരുമണ്ണ അറത്തിൽപറമ്പിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിൽ താമസിക്കുന്ന ആതിര (18) മാവൂർ, അമീന (18) തൃത്താല, റിസ്മ (18) മണ്ണാർക്കാട്, അൻസീറ (18) കണ്ണൂർ, ഡെഫ്ച്ച (18) അടിവാരം, ഗോപിക (18) വെങ്ങാലി, തസ്‌ലിമ (18) പൊന്നാനി, റഹീമ (18) മാവൂർ എന്നിവരെയാണ് ഛർദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അൻസീറയെ മെഡിക്കൽ ഐ.സി.യു വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. നിപ, കോവിഡ് പരിശോധനയ്ക്കായി എല്ലാവരുടെയും സ്രവം ശേഖരിച്ചിട്ടുണ്ട്. കോവിഡ് ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണ്. ഭക്ഷ്യസുരക്ഷാ, ആരോഗ്യവകുപ്പ് അധികൃതരും പന്തീരാങ്കാവ് പോലീസും ഹോസ്റ്റലിൽ പരിശോധന നടത്തി. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. തിങ്കളാഴ്ച വൈകീട്ടോടെ ഹോസ്റ്റൽ താത്‌കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഏഴുമണിയോടെ ഹോസ്റ്റലിലെ പതിനഞ്ചോളംപേർ ചർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് പെരുമണ്ണയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. ഇവരിൽ മൂന്നുപേർക്കും വേറെ അഞ്ചുപേർക്കുമാണ് തിങ്കളാഴ്ച രാവിലെയോടെ വീണ്ടും ദേഹാസ്വാസ്ഥ്യമുണ്ടായത്.
കുറ്റിക്കാട്ടൂരിലുള്ള ഹോസ്റ്റലിൽനിന്നാണ് അറത്തിൽപറമ്പിലുള്ള ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന ഹോസ്റ്റൽ ഒക്ടോബർ രണ്ടിനാണ് തുറന്നത്. കുന്ദംഗലം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.രഞ്ജിത്ത് പി ഗോപി, പെരുമണ്ണ മെഡിക്കൽ ഓഫീസർ ഡോ.രേഖ, ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ.കെ സജിനി, പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ് എന്നിവരടങ്ങുന്ന സംഘം ഹോസ്റ്റൽ സന്ദർശിച്ചു.
ഫുഡ് സേഫ്റ്റി ലൈസൻസ്, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ജലപരിശോധനാറിപ്പോർട്ട് എന്നിവയൊന്നും ഹോസ്റ്റൽ അധികൃതർ ഹാജരാക്കിയിട്ടില്ലെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.രഞ്ജിത്ത് പി ഗോപി പറഞ്ഞു. വിദ്യാർഥിനികൾക്ക് കുടിക്കാൻ നൽകിയിരുന്ന വെള്ളത്തിന്റെ സാംപിൾ മലാപ്പറമ്പ് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.