തിരുവനന്തപുരം: വൈദികന്റെ നടപടികളെ ചോദ്യം ചെയ്ത മത്സ്യത്തൊഴിലാളി കുടുംബത്തിനെ ഊരുവിലക്കിയതിനെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ പറഞ്ഞു. അടിമലത്തുറയില്‍ ഭൂമി കച്ചവടം അടക്കം നടത്തിയ വൈദികന്റെ നടപടികളെ ചോദ്യം ചെയ്തതിനാണ് മത്സ്യത്തൊഴിലാളി കുടുംബത്തിന് ലത്തീന്‍ പള്ളിക്കമ്മിറ്റി ഊരുവിലക്ക് ഏര്‍പ്പെടുത്തിയത് . കുടുംബത്തിന് സംരക്ഷണമൊരുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിക്കുമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. ഊരുവിലക്കിനെ തുടര്‍ന്ന് ഉഷാറാണിയും കുടുംബവും ഇപ്പോള്‍ നഗരത്തിലെ ഒരു ലോഡ്ജിലാണ് താമസിക്കുന്നത് .
ഇടവക വികാരി മെല്‍ബിന്‍ സൂസയുടെ നടപടികളില്‍ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചതോടെ പള്ളിക്കമ്മിറ്റിയുടെ കരടായി മാറുകയായിരുന്നു ഉഷാറാണി. വൈദികനോട് കയര്‍ത്തു സംസാരിച്ചതിന് കുടുംബം ഒരു ലക്ഷം പിഴ നല്‍കണമെന്നാണ് കമ്മിറ്റിയുടെ ശാസന. ചെറിയമ്മയും ഇടവകാംഗവുമായ മേഴ്സിയുടെ അര്‍ബുദ രോഗ ചികിത്സയ്ക്ക് സഹായം ചോദിച്ചതോടെ എല്ലാം അതിരുവിട്ടു.
സംഭവത്തില്‍ കുടുംബം വിഴിഞ്ഞം സ്റ്റേഷനിലും സഭാ നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട് . എന്നാല്‍ രണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്. തുറയിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് വൈദികനാണെന്ന് ഉഷാറാണി പറയുന്നു . എന്നാല്‍ ഉഷാറാണി തന്നെ ആക്രമിച്ചുവെന്നു കാണിച്ച് വൈദികന്‍ തിരിച്ചും പോലീസിന് പരാതി നല്‍കിയിട്ടുണ്ട് . രോഗം, തുറയിലെ വിലക്ക്, കുഞ്ഞുങ്ങളുടെ ദുരിതം, ഒപ്പം പോലീസ് കേസ് എല്ലാംകൊണ്ടും നട്ടം തിരിയുകയാണ് ഈ കുടുംബം.