കൊച്ചി : 2020 മാർച്ച് മുതൽ 14.41 കോടി രൂപ വിലവരുന്ന മരങ്ങൾ മുറിച്ചു കടത്തിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 2021 ജൂലൈ 18 വരെ 296 വനംകേസുകളും 10 പോലീസ് കേസുകളും രജിസ്റ്റർ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമം ബാധകമാകുമോ എന്നു പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. കേസ് സിബിഐക്കു വിടാൻതക്ക കാരണങ്ങളില്ലെന്നും വാദിച്ചു.
പട്ടയഭൂമിയിൽ നിന്നു മരംമുറി അനുവദിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു തൃശൂരിലെ പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളം നൽകിയ ഹർജിയിലാണു എഡിജിപി എസ്.ശ്രീജിത്തിന്റെ വിശദീകരണ പത്രിക. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 27നു പരിഗണിക്കാൻ മാറ്റി.
ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകം കേസെടുത്തിട്ടുണ്ടെന്നും തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സർക്കാർ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘമാണു കേസുകൾ അന്വേഷിക്കുന്നത്.
ഇതുവരെ 1642.121 ഘനമീറ്റർ തേക്കും 327.584 ഘനമീറ്റർ ഈട്ടിയും ഉൾപ്പെടെ മുറിച്ചിട്ടുണ്ട്. ജൂൺ 26 വരെ 8.44 കോടി രൂപയുടെ തടി കണ്ടെടുത്തു. മേപ്പാടി– 48, മച്ചാട്–35, കോതമംഗലം–14, പട്ടിക്കാട്– 20, നേര്യമംഗലം –5, അടിമാലി– 7 എന്നിവിടങ്ങളിലാണു പ്രധാന വനംകേസുകൾ. വിയ്യൂർ, വടക്കാഞ്ചേരി, ചേലക്കര, മീനങ്ങാടി, മേപ്പാടി, അടിമാലി പോലീസ് സ്റ്റേഷനുകളിലായി 10 കേസുകളുമുണ്ട്.
മന്ത്രിമാർ അധികാരദുർവിനിയോഗം നടത്തിയെന്ന് ആരോപിക്കുന്നല്ലാതെ റവന്യു, വനം മന്ത്രിമാരെ കക്ഷിചേർക്കാനുള്ള വസ്തുതകളൊന്നും ഹർജിയിൽ ഇല്ല. കേസ് ഡയറിയും അന്വേഷണ വിവരങ്ങളും മുദ്രവെച്ച കവറിൽ നൽകാൻ തയ്യാറാണ്.