കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് പല കമ്പനികളും വർക്ക് ഫ്രം മോഡിലേക്ക് മാറിയിരുന്നു. കോവിഡ് കുറഞ്ഞതോടെ ഈ കമ്പനികളിൽ ചിലത് ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കാൻ തുടങ്ങിയെങ്കിലും ചിലർ ഇപ്പോഴും അതേ രീതിയിൽ തുടരുകയാണ്. ചിലർ ഓഫീസിലും വീട്ടിലുമായി ജോലി ചെയ്യാവുന്ന ഹൈബ്രിഡ് മോഡലാണ് സ്വീകരിച്ചിരിക്കുന്നത്. വീട്ടിലാണല്ലോ എന്നോർത്ത് വർക്കം ഫ്രം ഹോം ചെയ്യുന്ന പലരും ഇരിപ്പിലും വ്യായാമത്തിലും ഒന്നും അത്ര ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരത്തിൽ കൂടുതൽ സമയം ഇരിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവർ പിന്നീടുള്ള വർഷങ്ങളിൽ ഇതിന്റെ പാർശ്വഫലങ്ങൾ അഭിമുഖീകരിച്ചു തുടങ്ങും.
വ്യായാമം ചെയ്യാതെയും ദീർഘനേരം ഒരേ ഇരിപ്പ് ഇരുന്നും ജോലി തുടർന്നാൽ നമ്മുടെ രൂപത്തിൽ എന്തു മാറ്റം ഉണ്ടാകും എന്നതടക്കം ഗവേഷകര്‍ വിഷയം അവതരിപ്പിക്കുന്നു. ഈ പ്രവണത തുടർന്നാൽ നമ്മുടെ പ്രതിരോധശേഷി നഷ്ടമാകും എന്നും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഗവേഷകർ പറയുന്നു. സാങ്കേതികവിദ്യയുടെ സ്ഥിരമായ ഉപയോഗം, സ്‌ക്രീൻ എക്‌സ്‌പോഷർ, കൂനിക്കൂടിയുള്ള ഇരിപ്പ്, എന്നിവയെല്ലാം ശാരീരിക, മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകും. സമ്മർദ്ദം, ഒറ്റപ്പെടൽ, തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും വീട്ടിൽ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പ്രത്യാഘാതമായി ഉണ്ടാകാം. ഈ അപകടസാധ്യതകൾ ഒഴിവാക്കാൻ, സാമൂഹിക ബന്ധത്തിനും സ്വയം പരിചരണത്തിനും മുൻഗണന നൽകുകയും ജോലിയും വ്യക്തി ജീവിതവും തമ്മിൽ ഒരു ബാലൻസ് ഉണ്ടാക്കുകയും വേണം.
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരുടെയും ഒരുപാട് നേരം സ്ക്രീൻ ഉപയോഗിക്കുന്നവരുടെയും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിദഗ്ധർ ഒരു മാർഗം ഉപദേശിക്കുന്നുണ്ട്. ’20-20-20′ നിയമം (20-20-20 rule) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്‌ക്രീനിൽ നിന്ന് ഓരോ 20 മിനിറ്റിലും കണ്ണെടുത്ത് 20 സെക്കൻഡ് നേരത്തേക്ക് 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിനെ നോക്കുക രീതിയാണിത്. ഇങ്ങനെയുള്ള ചില ചെറിയ കാര്യങ്ങള്‍ കൂടി പരിഗണിച്ച് വേണം വീട് തൊഴിലിടമാക്കിയവര്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍.