പള്ളിക്കല്‍ : തിരുമുമ്പിൽ വേല ഏഴാം ഉത്സവദിവസമായ വ്യാഴാഴ്ച മുതൽ തുടങ്ങും. ശനിയാഴ്ചവരെയാണ് തിരുമുമ്പിൽ വേല. വൈകിട്ട് 6.45-നാണ് ചടങ്ങ്. ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റിയതിനുശേഷമാണ് ചടങ്ങ് ആരംഭിക്കുന്നത്. പ്രധാനചടങ്ങായ ഉത്സവബലി വെള്ളിയാഴ്ച രാവിലെ പത്തുമുതൽ ആരംഭിക്കും. വർഷങ്ങളായി കെട്ടുരുപ്പടികൾ എഴുന്നള്ളിക്കുന്ന കരയാണ് ഹരിശ്രീ ചാല. ഇത്തവണ സ്വന്തമായുള്ള വലുപ്പമുള്ള ഇരട്ടക്കാളെയാണ് എഴുന്നള്ളിക്കുന്നത്. കിരാതഭൈരവൻ എന്ന് പേരിട്ടിരിക്കുന്ന ഈ കെട്ടുരുപ്പടിക്ക് ഏകദേശം മുപ്പതുലക്ഷം രൂപയാണ് ചെലവ്.
നാട്ടുകാർ നൽകിയ ആഞ്ഞിലിത്തടിയാണ് കെട്ടുരുപ്പടിക്ക് ഉപയോഗിക്കുന്നത്. 48 ക്വിന്റൽ വൈക്കോലാണ് കെട്ടുരുപ്പടി നിർമാണത്തിന് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലേക്ക് ഒന്നരക്കിലോമീറ്റർ ദൂരം കെട്ടുകാളയെ എത്തിക്കാൻ രണ്ട് ക്രെയിനിന്റെ സഹായം ഉണ്ടാകും. കഴിഞ്ഞ വൃശ്ചികം 12-ന് നന്ദികേശ ശിരസ്സിനുള്ള പാലത്തടി അടൂരിൽനിന്ന് മുറിച്ചു. നന്ദികേശ ശിരസ്സ് നിർമിക്കുന്നത് പടനിലം സ്വദേശി വിഷ്ണുവാണ്. ദിവസവും കെട്ടുരുപ്പടി ഒരുക്കുന്നിടത്ത് അന്നദാനം ഉണ്ടാകും. ശനിയാഴ്ചവരെ എല്ലാദിവസവും തിരുവാതിരകളി ഉണ്ടാകും.