കുമ്പഴ : കുമ്പഴ ജംഗ്ഷനിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. ഇതിനായി നിര്‍മ്മാണ സാമഗ്രികള്‍ കുമ്പഴയില്‍ എത്തിച്ചു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ തിരുവല്ല – കുമ്പഴ റോഡും മലയാലപ്പുഴ – കുമ്പഴ റോഡും സംഗമിക്കുന്ന തിരക്കേറിയ കുമ്പഴ ജംഗ്ഷൻ ഏറെക്കാലമായി അപകട മേഖലയായിരുന്നു. സിഗ്നല്‍ സംവിധാനമോ വെളിച്ചമോ ഇല്ലാത്തതിനാല്‍ വലിയ അപകട ഭീഷണിയിലായിരുന്നു ഇതുവഴിയുള്ള വാഹനയാത്ര. ഒന്നര മാസം മുന്‍പാണ് ഇവിടെ സ്കൂട്ടര്‍ യാത്രക്കാരി ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്.
വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ഇവിടെ സുരക്ഷ ഒരുക്കുവാന്‍ അഡ്വ.അബിൻ വർക്കി എം.എല്‍.എ ഇടപെടുകയും ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തുകയുമായിരുന്നു. എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും സുരക്ഷ ഒരുക്കുവാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ എം.എല്‍.എ നല്‍കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തിലാണ് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
സംസ്ഥാന പാതയില്‍ റോഡിന്റെ മധ്യ ഭാഗത്തായാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് പത്തനംതിട്ട ആര്‍.ടി.ഓ പറഞ്ഞു. നാല് വശങ്ങളിലേക്കുമുള്ള ഗതാഗതം കൃത്യമായി ഏകോപിപ്പിക്കുന്ന കണ്‍ട്രോള്‍ പാനലോടുകൂടിയ സംവിധാനമാണ് സ്ഥാപിക്കുക. അടുത്ത ശബരിമല സീസണിന് മുന്‍പ് തന്നെ കുമ്പഴ ജംഗ്ഷന്‍ അപകടരഹിത മേഖലയായി മാറും. കുമ്പഴ ജംഗ്ഷന്‍ കൂടാതെ മൈലപ്ര പള്ളിപ്പടിയിലും സമാനമായ രീതിയില്‍ സിഗ്നല്‍ സംവിധാനം സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.






























