വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 87.58 ലക്ഷമായി. വൈറസ് ബാധിച്ച് ഇതുവരെ ലോകത്തുടനീളം 4,62,519 പേരാണ് മരിച്ചത്. അതേ സമയം 4,625,445 പേര്‍ രോഗമുക്തരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്കയില്‍ ഇതുവരെ 2,297,190 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1.21ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അമേരിക്കയില്‍ 700ല്‍ പരം ആളുകളാണ് മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ബ്രസീലിനെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇവിടെ 10.38ലക്ഷം പേര്‍ വൈറസ് ബാധിതരായി. 49,090 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.
റഷ്യയില്‍ 5.69 ലക്ഷം പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. 7,841 പേര്‍ മരിക്കുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് 24 മണിക്കൂറിനിടെ 13,586 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 12,573 ആയും രോഗബാധിതരുടെ എണ്ണം 3,80,532 ആയും ഉയര്‍ന്നു.
രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 204710 പേരാണ് ഇതുവരെ രോഗമുക്തരായത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,63,248 ആണ്.