ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് വ്യാപനം അവസാനിക്കാറായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. വാക്‌സിനുകള്‍ കൊണ്ട് മാത്രം രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുടര്‍ച്ചയായ 6 ആഴ്ചകളില്‍ ലോകത്തെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായെന്ന് ടെഡ്രോസ് അഥനോം ഗബ്രിയാസിസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായ ഏഴ് ആഴ്ചകളിലായി കോവിഡ് വ്യാപനം വര്‍ധിച്ചുവരികയാണ്. തുടര്‍ച്ചയായി നാല് ആഴ്ചകളായി മരണ നിരക്കും ഉയരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും രോഗ വ്യാപനം വര്‍ധിക്കുകയാണെന്നും ഇതുവരെ ആഗോള തലത്തില്‍ 780 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നും ലോകാരോഗ്യ സംഘടന മേധാവി അറിയിച്ചു. ലോകാരോഗ്യ സംഘടന വീണ്ടുമൊരു ലോക്ക് ഡൗണിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യാപാര, വിനോദ സഞ്ചാര മേഖലകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ ഗബ്രിയാസിസ് നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകണമെന്നും പറഞ്ഞു.