ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം അതിവേഗം വളരുന്ന കാഴ്ച്ചയാണ് നാം ഇപ്പോൾ കാണുന്നത്. ഈ വൈദ്യുത വിപ്ലവത്തിന്റെ പ്രധാന കാരണക്കാർ ആരെന്ന് ചോദിച്ചാൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണെന്ന് നിസംശയം പറയാം. പെട്രോൾ വില സെഞ്ചുറിയടിച്ചതോടെ പലരും ദൈനംദിന ആവശ്യങ്ങൾക്കായി പതിയെ ഇവികളെ ആശ്രയിക്കാൻ തുടങ്ങി. അങ്ങനെ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി വേഗം മാറി. ഇന്ന് ഇലക്ട്രിക് ടൂവീലറുകളില്ലാത്ത വീടുകൾ പൊതുവേ വളരെ കുറവുമാണ്. പ്രീമിയം ഹൈ-സ്പീഡ്, ലോ-സ്പീഡ് മോഡലുകൾ ഉൾപ്പെടെ ഇലക്ട്രിക് സ്കൂട്ടറുകളാണ് ഈ വിഭാഗത്തിൽ പ്രധാനമായും ആധിപത്യം പുലർത്തുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഇവി സ്റ്റാർട്ടപ്പുകളും ടിവിഎസ്, ഹീറോ പോലുള്ള പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും ഇന്ത്യയിൽ ധാരാളം ഇലക്ട്രിക് സ്‌കൂട്ടറുകൾ പുറത്തിറക്കിയിട്ടുണ്ട്. മിക്കവയും ഹിറ്റായപ്പോൾ ഇപ്പോഴും നിലനിൽക്കുന്നൊരു പ്രധാന ആശങ്കയാണ് റേഞ്ചുമായി സംബന്ധിച്ചുള്ളത്. ഇലക്ട്രിക് സ്കൂട്ടറുകൾ ഹൈവേകളിൽ കൊണ്ടുപോവുന്നത് അനുയോജ്യമല്ലെന്ന വാദങ്ങളും പലരും ഉന്നയിക്കുന്നുണ്ട്.
ഓല S1 പ്രോയെ ഈ അവസരത്തിൽ മറക്കാനാവില്ല. ഒരു സ്റ്റൈലിഷ് ഫീച്ചർ പായ്ക്ക് ചെയ്യുന്ന വാഹനം ഇന്ന് നിരത്തുകളിലെ സ്ഥിരം കാഴ്ച്ചയാണ്. ഏകദേശം 1.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള S1 പ്രോ ഇവി 181 കിലോമീറ്റർ റേഞ്ച് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. യഥാർഥ റൈഡിംഗ് സാഹചര്യങ്ങളെ ആശ്രയിച്ച് ഏകദേശം 150 കിലോമീറ്റർ റേഞ്ചാണ് ഓലയുടെ മോഡൽ നൽകുന്നത്. നാല് കിലോവാട്ട് മണിക്കൂർ ബാറ്ററി പായ്ക്കിനൊപ്പം 8.5 കിലോവാട്ട് മോട്ടോറാണ് നൽകുന്നത് എന്നതിനാൽ പെർഫോമൻസും കിടിലമാണ്. അങ്ങനെ ഓല S1 പ്രോ ഹൈവേകളിൽ കൂടെക്കൂട്ടാനാവുന്ന മറ്റൊരു മികച്ച ഇലക്ട്രിക് സ്‌കൂട്ടറായി മാറുന്നു. മാത്രമല്ല റേഞ്ചിന്റെ കാര്യത്തിൽ ആശങ്കപ്പെടാതിരിക്കാൻ ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളുടെ ലഭ്യതയും വളർന്നുവരുന്ന ഫാസ്റ്റ് ചാർജിംഗ് ശൃംഖലയും ഓല ഇലക്ട്രിക് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
ഒകിനാവയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് മോഡലാണിത്. ഡിറ്റാച്ചബിൾ ലിഥിയം അയൺ ബാറ്ററിയും ഒറ്റത്തവണ ചാർജ് ചെയ്താൽ 160 കിലോമീറ്റർ റേഞ്ചും ലഭിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറും ഹൈവേകളിൽ കൊണ്ടുപോവാനാവും. ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ 5 – 6 മണിക്കൂർ സമയമാണ് വേണ്ടിവരുന്നത്. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഒകിനാവ ഓഖി-90 ഇവിക്ക് പുറത്തെടുക്കാനാവുന്നത്. വാഹനത്തിനൊപ്പം മൂന്ന് വർഷത്തെ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏഥർ 450X : ഓല ഇലക്ട്രിക്കിനൊപ്പം കൂട്ടിവായിക്കുന്ന പേരുകളിൽ ഒന്നാണ് ഏഥറിന്റേത്. പെർഫോമൻസ് ഇഷ്‌ടപ്പെടുന്നവരും യുവതലമുറയും ആഗ്രഹിക്കുന്ന ചേരുവകളെല്ലാം ചേർത്താണ് ഈ തട്ടുപൊളിപ്പൻ വണ്ടിയെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 3.7 kWh, 2.9 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ 450X വീട്ടിലെത്തിക്കാം. വലിയ ബാറ്ററി 150 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുമ്പോൾ എന്നാൽ യഥാർഥ റേഞ്ച് ഒറ്റ ചാർജിൽ 110 കിലോമീറ്ററാണ്. സ്‌പോർട്ടി ഡിസൈനിനും പെർഫോമൻസിനും പേരെടുത്തതിനാൽ ഹൈവേ ട്രിപ്പിലൊന്നും പേടിക്കേണ്ടതില്ല.
ഹീറോ വിഡ V1 പ്രോ : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ തുറുപ്പുഗുലാനാണ് ഈ ഇലക്ട്രിക് സ്‌കൂട്ടർ. 1.25 ലക്ഷം എക്സ്ഷോറൂം വിലയുള്ള മോഡൽ രണ്ട് വേരിയന്റുകളിൽ വാങ്ങാനുമാവും. 3.94 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഇതിന് ഒറ്റ ചാർജിൽ 165 കിലോമീറ്റർ റേഞ്ച് വരെ നൽകാനുമാവും. എങ്കിലപം റൈഡിംഗ് സ്വഭാവവും അവസ്ഥയും അനുസരിച്ച് റിയൽ വേൾഡ് റേഞ്ച് ഏകദേശം 100 കിലോമീറ്ററാണ്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയാണ് ഹീറോ ഇവിക്കുള്ളത്.