ജനീവ : അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതിൽ 11 രാജ്യങ്ങളിൽ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ജൂൺ 22-ന് പുറത്തിറക്കിയ കോവിഡ് 19 വീക്ക് ലി എപ്പിഡെമിയോളജിക്കൽ അപ്ഡേറ്റിൽ പറയുന്നു. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ ആവശ്യം വരുന്നുണ്ടെന്നും ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്. ജപ്പാനിൽ നടത്തിയ പഠനത്തിലും ആൽഫാ വകഭേദത്തേക്കാൾ ഡെൽറ്റാവകഭേദം വേഗത്തിൽ വ്യാപിക്കുന്നതായി പറയുന്നുണ്ട്.
വൈറസിന്റെ ആൽഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെൽറ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു. ആൽഫയേക്കാൾ വ്യാപനശേഷി വർധിച്ച വൈറസ് വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. 4,44,976 പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചമാത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ തൊട്ടുമുമ്പത്തെ ആഴ്ചയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ആഴ്ച കേസുകളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുളളത്.
അതേ സമയം ഇന്ത്യയിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കോവിഡ് രോഗി മരിച്ചതായുളള റിപ്പോർട്ട് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. മധ്യപ്രദേശിൽ അഞ്ചുപേർക്കാണ് ഡെൽറ്റ് പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നത്. ഭോപ്പാലിൽ നിന്നുള്ള മൂന്നുപേർക്കും ഉജ്ജെയിനിൽ നിന്നുളള രണ്ടുപേർക്കുമായിരുന്നു വൈറസ് ബാധ. ഇവരിൽ നാലുപേർക്ക് രോഗം ഭേദമായി. ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.