24.6 C
Pathanāmthitta
Sunday, October 17, 2021 11:16 am
Advertisment

മനസ്സാണ് ശക്തി ; ഇന്ന് ലോക മാനസികാരോഗ്യ ദിനം

ഇന്ന് ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനമാണ്.  മാനസികാരോഗ്യ രംഗത്തുള്ള സമഗ്ര മുന്നേറ്റം ലക്ഷ്യംവെച്ചാണ് ഈ ദിനം ലോകമെമ്പാടും ആചരിക്കപ്പെടുക. അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം എന്നതാണ് ഈ വർഷത്തെ മാനസികാരോഗ്യദിന സന്ദേശം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം കടന്നു പോകുന്നത്.

ആരോഗ്യമേഖലയില്‍ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയും അവകാശപ്പെടുന്ന അത്യാധുനിക കാലഘട്ടത്തിലും മാനസികാ രോഗ്യത്തോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടായിട്ടില്ല. ശരീരത്തോടൊപ്പം മനസ്സും ഏറെ പ്രധാനമാണെങ്കിലും മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.

സമൂഹത്തിന്റെ കെട്ടുറപ്പും സമാധാനവുമെല്ലാം വ്യക്തികളുടെ മാനസികാരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. പക്ഷെ അതേക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും മാനസികാരോഗ്യ രംഗത്ത് വേണ്ടത്ര പണം മുടക്കാനും സര്‍ക്കാരുകള്‍ താല്‍പര്യം കാണിക്കാറില്ല.

ഇന്ത്യയില്‍ ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതം വളരെ കുറവാണ്. അതില്‍ മാനസികാരോഗ്യത്തിന് ഒരു ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. ഇതില്‍നിന്ന് തന്നെ മാനസികാരോഗ്യ രംഗം എത്രത്തോളം അവഗണിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാകും.

മനോരോഗികളെ കൈകാര്യം ചെയ്യാനുള്ളതാണ് മനശാസ്ത്രമെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ വേരുറപ്പിച്ചിട്ടുണ്ട്. അതിനുപ്പുറം സമൂഹത്തിന്റെ മൊത്തം മാനസികാരോഗ്യം വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ല. മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാനും പ്രശ്‌നങ്ങളെ ക്രിയാത്മകമായി നേരിടാനും വ്യക്തികളെ പരിശീലിപ്പിക്കുയും ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്.

ചികിത്സയെക്കാള്‍ പ്രധാനം പ്രതിരോധമാണെന്ന ആരോഗ്യ മുദ്രാവാക്യം മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ബാധകമാണ്. കൊലപാതകങ്ങള്‍, ആത്മഹത്യങ്ങള്‍ തുടങ്ങി വര്‍ദ്ധിച്ചുവരുന്ന സാമൂഹിക തിന്മകള്‍ക്കെല്ലാം പിന്നില്‍ മാനസിക പ്രശ്‌നങ്ങളാണ് പ്രധാന വില്ലന്‍. മനസ്സിനെക്കൂടി പരിഗണിക്കുന്ന രീതിയിലേക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഇനിയും വളര്‍ന്നിട്ടില്ലെന്നത് ഏറെ ഖേദകരമാണ്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരിലെ മാനിസിക പ്രശ്‌നങ്ങള്‍ കണ്ടെത്താനും ചികിത്സിക്കാനും വിപുലമായ സ്‌പെഷ്യലൈസേഷന്‍ ഉണ്ടാകേണ്ടതുണ്ട്. കുട്ടികളുടെ ശാരീരിക രോഗങ്ങള്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ ഏറെയുള്ളപ്പോള്‍ കുഞ്ഞുങ്ങളുടെ മനസ്സ് കാണാന്‍ ആവശ്യത്തിന് വിദഗ്ധന്മാരില്ല. മാനസികാരോഗ്യത്തെക്കുറിച്ച് പഠിക്കാനും രോഗങ്ങള്‍ ചികിത്സിക്കാനും കൂടുതല്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ 20-30 ശതമാനം പേര്‍ എതെങ്കിലും തരത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. മനോരോഗങ്ങള്‍ പലതരമുണ്ട്.

18 വയസിന് താഴെയുള്ള 7.3 ശതമാനം കുട്ടികള്‍ക്ക് പരിചരണം ആവശ്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. 20-40 വയസിനിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുമെന്നതുകൊണ്ട് അവരെ സഹായിക്കാന്‍ കൂടുതല്‍ കൗണ്‍സിലിങ് സെന്ററുകളും മറ്റും സ്ഥാപിക്കേണ്ടിയിരിക്കുന്നു. വിദഗ്ധരുടെ പരിചരണത്തിലൂടെ പരിഹരിക്കാവുന്നതാണ് പല മാനസിക പ്രശ്‌നങ്ങളുമെന്നതുകൊണ്ട് ആ വഴിക്ക് സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടതുണ്ട്.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular