ഗസ്സസിറ്റി: ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിലെ ഇസ്രായേൽ കൂട്ടക്കൊലക്കെതിരെ ലോകവ്യാപക പ്രതിഷേധം. ആഹാരത്തിനായി എത്തിയവർക്കു നേരെ ഇസ്രയേൽ സൈനികർ വെടിവയ്ക്കുകയായിരുന്നു. യുഎന്‍, നോർവീജിയൻ റെഫ്യൂജി കൗൺസിൽ, ഓക്സ്ഫാം തുടങ്ങിയ അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങളെല്ലാം ഇസ്രായേലിന്റെ പട്ടിണിക്കൊലക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. തെക്കൻ ഗസ്സയിലെ റഫായിലുള്ള ജിഎച്ച്എഫ് സഹായവിതരണ കേന്ദ്രത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 31 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനാണ് ഗസ്സയിലെ സഹായവിതരണകേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇതിനിടെ വടക്കൻ ഗസ്സയിൽ അവശേഷിച്ചിരുന്ന ഏക ഡയാലിസിസ് സെന്ററും ഇസ്രായേൽ തകർത്തു. ബെയ്ത് ലാഹിയയിലുള്ള നൂറ അൽ-കാബി കിഡ്‌നി ഡയാലിസിസ് സെന്ററിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇന്തോനേഷ്യൻ ആശുപത്രിയുടെ ഭാഗമായ ഈ കേന്ദ്രം, വൃക്ക തകരാറിലായ 160ലധികം രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. വടക്കൻ ഗസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണിത്.