ഇരിട്ടി : തേഞ്ഞുതീർന്ന ടയറുകളുമായി സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഉൾപ്പെടെ 8 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിട്ടി ജോയിന്റ് ആർടിഒ ആന്റണി മൈക്കിളിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഒരാഴ്ച നീളുന്ന പ്രത്യേക മൺസൂൺ പരിശോധനയുടെ ഭാഗമായാണ് നടപടി. ആദ്യദിനത്തിൽ ബസുകളുടെ ടയറുകളായിരുന്നു പ്രധാനമായും പരിശോധിച്ചത്. ഒരു കെഎസ്ആർടിസി ബസും 7 സ്വകാര്യ ബസുകളും തേഞ്ഞുതീർന്ന ടയറുകളുപയോഗിച്ചാണ് സർവീസ് നടത്തിയിരുന്നതെന്നു കണ്ടെത്തി. ടയറുകൾ മാറ്റിയശേഷമേ സർവീസ് നടത്താവൂ എന്ന് നിർദേശിച്ച അധികൃതർ വാഹനങ്ങൾ തുടർന്ന് സർവീസ് നടത്താൻ അനുവദിച്ചില്ല.
മഴക്കാലത്ത് തേഞ്ഞുതീർന്ന ടയറുകൾ ഉപയോഗിച്ചു വാഹനമോടിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൻ.ആർ.റിജിൻ, സി.പി.ബാബുരാജ്, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.പി.രാജേഷ്, ബൈജു, വി.പി.സജേഷ്, ഡ്രൈവർ സഹീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വ്യാപക പരിശോധന തുടരുമെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.






























