ദില്ലി: ലൈംഗിക പീഡനകേസില്‍ ആരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. ബ്രിജ് ഭൂഷണ്‍ സിങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ മൂന്ന് മാസത്തിന് ശേഷം സമരം പുഃനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ കൂടി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.
ഏഴ് വനിതാ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പരാതിയ്ക്ക് പിന്നാലെ അദ്ദേഹത്തെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ലൈംഗിക ചൂഷണം ആരോപിച്ച് ഏഴ് താരങ്ങള്‍ രണ്ട് ദിവസം മുന്‍പ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. എന്നാല്‍ ഈ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.