കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് ( ടി. കെ ദാമോദരൻ ) അന്തരിച്ചു. 80 വയസായിരുന്നു. ഈ മാസം 18-ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്തുളള സർവീസ് റോഡിൽനിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ അദ്ദേഹത്തെ ഒരു വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്.
നാടകകൃത്ത്,എഴുത്തുകാരൻ, പത്രാധിപർ, , പ്രഭാഷകൻ, കലാസംഘാടകൻ തുടങ്ങി അദ്ദേഹം കൈതൊടാത്ത മേഖലകൾ ചുരുക്കമാണ്. നാല്പതിനടുത്ത് പുസ്തകങ്ങളും അൻപതോളം നാടകങ്ങളും അദ്ദേഹം അദ്ദേഹം രചിച്ചിട്ടുണ്ട്. സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ, ഗുരുപൂജ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഉണ്ണിക്കുട്ടനും കഥകളിയും’ എന്ന പുസ്തകത്തിനും ‘സിദ്ധാർഥൻ ഉറങ്ങുന്നില്ല’ എന്ന നാടകത്തിനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചു.































