ചില ഭക്ഷണ ശീലങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ശീലങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് പ്രധാനമാണ്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണശീലം ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. അത് വളരെ ആരോഗ്യസമൃദ്ധമായിരിക്കണം. തടി കുറക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പ്രഭാത ഭക്ഷണത്തിൽ ഈ തെറ്റുകൾ വരുത്തരുത്.
ജ്യൂസ്
ജ്യൂസുകളുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണെന്ന് പറയേണ്ടതില്ല. പഴങ്ങളോ പച്ചക്കറികളോ ജ്യൂസാക്കി കഴിക്കുന്നത് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമായി കരുതപ്പെടുന്നു. എന്നാൽ ജ്യൂസുകളിൽ നാരുകൾ അടങ്ങിയിട്ടില്ലെന്ന് അറിയേണ്ടത് പ്രധാനമാണ്. തടി കുറക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ ജ്യൂസിനു പകരം പഴവർഗം കഴിക്കുക. ഇതിലൂടെ നിങ്ങൾക്ക് കൂടുതൽ നേരം വിശപ്പില്ലാതെ ഇരിക്കാൻ ആവശ്യമായ ഫൈബർ ശരീരത്തിലെത്തുന്നു. ഫ്രൂട്ട് ജ്യൂസിനു പകരം എല്ലായ്‌പ്പോഴും ഒരു പഴം തിരഞ്ഞെടുക്കുക.
ആവശ്യത്തിന് പ്രോട്ടീൻ
ശരീരഭാരം കുറയ്ക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. കൂടുതൽ നേരം വിശപ്പില്ലാതെ നിൽക്കാനും അമിതഭക്ഷണത്തിൽ നിന്നും ആസക്തിയിൽ നിന്നും നിങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു. പ്രോട്ടീൻ ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും വിശപ്പു കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മുട്ട, ബീൻസ്, പച്ചക്കറികൾ, അണ്ടിപ്പരിപ്പ് എന്നിവ കഴിക്കുന്നത് കൂടുതൽ പ്രോട്ടീൻ ശരീരത്തിലെത്താൻ സഹായിക്കും.
കാർബോഹൈഡ്രേറ്റ്‌സ്
കേക്കുകൾ, ബ്രെഡുകൾ എന്നിവ പോലെ എളുപ്പത്തിലുള്ള പ്രഭാതഭക്ഷണങ്ങളിൽ ഉയർന്ന കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം വർദ്ധിപ്പിക്കും. ഇവയിൽ ശരീരത്തിന് ആവശ്യമായ ഫൈബറും ഇല്ല. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മിതമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ മുട്ട, ഗ്രീൻ ടീ, നട്‌സ്, സരസഫലങ്ങൾ, കോഫി, ഓട്‌സ്, വിത്തുകൾ എന്നിവ ഉൾപ്പെടുത്തുക.
മധുരം നിറഞ്ഞ ഭക്ഷണം
നിങ്ങളുടെ കോൺഫ്‌ളേക്കുകളും കേക്കുകളും രുചിയുളവാക്കുന്നവ ആണെങ്കിലും ഇവയിൽ പഞ്ചസാര അടങ്ങിയിരിക്കുന്നു. അവ നിങ്ങളെ പെട്ടെന്ന് ഊർജ്ജസ്വലമാക്കും. എന്നാൽ നിങ്ങൾ മന്ദഗതിയിൽ അലസതയിലേക്കും വീഴും. ഫൈബർ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. അത് നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്തുക മാത്രമല്ല കൂടുതൽ നേരം വിശപ്പ് തടയുകയും ചെയ്യും.
വൈകി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്
ഉറക്കമുണർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ല ശീലം. പ്രഭാതഭക്ഷണ സമയത്ത് നിങ്ങൾ കഴിക്കുന്ന നിങ്ങളുടെ ഭക്ഷണം ദിവസത്തെ മുഴുവൻ സ്വാധീനിക്കുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണം വൈകിയാൽ നിങ്ങൾ ദിവസം മുഴുവൻ അമിതമായി ഭക്ഷണം കഴിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാണ് പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്. ഇവ അനാരോഗ്യകരമായ പ്രവർത്തിയാണ്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ കുറയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകമാണ്. അതിനാൽ, നിങ്ങൾ എത്ര തിരക്കിലാണെങ്കിലും പ്രഭാതഭക്ഷണം കഴിക്കുക.
കഫീൻ
പലരും ചായയോ കാപ്പിയോ പ്രഭാതഭക്ഷണമായി കണക്കാക്കുന്നു. നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. ഇവയിലെ കഫീൻ ഉള്ളടക്കം യഥാർത്ഥത്തിൽ നിങ്ങളിൽ വേഗത്തിൽ വിശപ്പ് വരുത്തുന്നു. തൽഫലമായി ഉച്ചഭക്ഷണ സമയത്ത് നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കുന്നു.