തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം (Low Pressure) രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്തോട് അടുക്കുന്നത്.
തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് (Cyclone Yaas) കരതൊട്ടേക്കുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 8.30ഓടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.
മെയ് 23ന് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഇത് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മെയ് 24ഓടെ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് സൂചന. തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് മെയ് 26ന് രാവിലെ പശ്ചിമബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനും ഇടയില്‍ കരയിലേക്ക് പ്രവേശിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.