കുന്നിട : ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട ജംഗ്ഷനിൽ റോഡിന്റെ വശം ഇടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കുന്നിട ജംഗ്ഷനിൽ നിന്ന് പുതുവലിലേക്ക് തിരിയുന്ന റോഡിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ഇടിഞ്ഞുകിടക്കുന്നത്. ഈ അവസ്ഥയായിട്ട് രണ്ട് വർഷത്തിലേറെയായി എന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനുശേഷം അതിശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ മറുവശവും ഇടിഞ്ഞിരുന്നു. അത് പിന്നീട് വശം കെട്ടി ശരിയാക്കി. എന്നാൽ മറുവശത്ത് ഒരുപണിയും ചെയ്തില്ല.
നിരവധിവാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അപകടസൂചന നൽകാൻ ഇവിടെ രണ്ട് വീപ്പകൾ വെച്ച് വള്ളികെട്ടിയിട്ടുണ്ട്. വളവായതിനാൽ എപ്പോഴും ഇത് ശ്രദ്ധയിൽപ്പെടണമെന്നില്ല. പ്രത്യേകിച്ചും രാത്രി അപകടസാധ്യത കൂടുതലാണ്. കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പണികൾക്ക് പൊതുമരാമത്ത് വകുപ്പ് കാര്യമായ ശ്രദ്ധ കൊടുക്കാറില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.