ചെന്നൈ : മുഖ്യമന്ത്രി യെദ്യൂരപ്പയുടേത് അവിശുദ്ധ കൂട്ടുകെട്ടാണ്. മനസ്സാക്ഷിയില്ലാത്തതും അധാര്‍മ്മികവുമായ നടപടികളാണ് അദ്ദേഹത്തിന്‍റെത്. അതിനാല്‍ അദ്ദേഹത്തിന് എതിരായ അഴിമതി കേസ് അന്വേഷിക്കുന്ന ലോകായുക്ത പോലീസും വിചാരണ ചെയ്യേണ്ട പ്രത്യേക കോടതിയും ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. കര്‍ണാടക മുഖ്യമന്ത്രിയായ യെദ്യൂരപ്പക്ക് എതിരായ അതീവഗൗരവപ്പെട്ട അഴിമതി കേസ് തടയാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കാനുള്ള യെദ്യൂരപ്പയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മുഖ്യമന്ത്രിക്കെതിരെ തികച്ചും അസാധാരണ രീതിയിലുള്ള പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ കുഞ്ഞയുടേതാണ് ഉത്തരവ്. അദ്ദേഹം ജില്ലാ കോടതി ജഡ്ജിയായിരുന്നപ്പോഴാണ് അഴിമതി കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെയും മറ്റും അനധികൃത സമ്പാദ്യക്കേസില്‍ ശിക്ഷിച്ചത്. കേസ് കര്‍ണാടകയിലാണ് വിചാരണ നടന്നത്.
2006-ല്‍ യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ റവന്യൂ ഭൂമി കൈമാറ്റം അനധികൃതമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നതിനാലാണ് ലോകായുക്ത പോലീസ് അന്വേഷണത്തിനായി നടപടി തുടങ്ങിയത്. ഒരു ഏക്കറില്‍ കൂടുതല്‍ റവന്യൂ ഭൂമി അദ്ദേഹം അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി കൈമാറാന്‍ ഉത്തരവിട്ടു എന്നതാണ് കേസ്. ജയകുമാര്‍ ഹീരേന്ദു എന്നയാളുടെ പരാതിയിലായിരുന്നു കേസ്. ഭൂമി കറങ്ങിത്തിരിഞ്ഞ് മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യാമാതാവ് വിമലയുടെ കൈകളില്‍ എത്തി. അവര്‍ ഭൂമി തന്റെ മകന് പിന്നീട് കൈമാറി. ഈ നടപടി തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത് ഹൈക്കോടതി ശരിവെച്ചു. അതിനാല്‍ കേസന്വേഷണം തുടര്‍ന്ന് നടക്കണമെന്നും വിചാരണയിലൂടെ സത്യം പുറത്ത് വരണമെന്നും ഹൈക്കോടതി പറഞ്ഞു.
ഇതിനിടയില്‍ പരാതിക്കാരന്‍ ജയകുമാറിന്റെ മനസ് മാറി. പരാതി പിന്‍വലിക്കാന്‍ അദ്ദേഹം നിയമത്തിലെ ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി. പക്ഷെ ഹൈക്കോടതി അത് അനുവദിച്ചില്ല. യെദ്യൂരപ്പയുടെ പ്രലോഭനങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കാം പരാതിക്കാരന്‍ അത് പിന്‍വലിക്കാന്‍ ശ്രമിച്ചതെന്ന് ഹൈക്കോടതി പറഞ്ഞു. പരാതിക്കാരനും മറ്റ് പ്രതികളുമായി യെദ്യൂരപ്പക്ക് അവിശുദ്ധ ബന്ധമുള്ളതായും മറ്റും ഹൈക്കോടതി പരാമര്‍ശിച്ചു. അന്വേഷണ ഏജന്‍സിയും കേസ് വിചാരണ ചെയ്യേണ്ട കീഴ്ക്കോടതിയും ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് അതിനാലാണ്. യെദ്യൂരപ്പയുടെ അധികാര ദുര്‍വിനിയോഗം പ്രഥമദൃഷ്ട്യാ തെളിയുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.