സന്‍ആ : യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടനം. സംഭവത്തില്‍ രണ്ടു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. പുതുതായി രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍നിന്ന് എത്തിയ ഉടന്‍ ആയിരുന്നു ആക്രമണമുണ്ടായത്. അംഗങ്ങള്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് അത്യുഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായത്. ഏറെ പ്രാധ്യാന്യമര്‍ഹിക്കുന്ന സംഭവത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമ സംപ്രേഷണം ചെയ്‌തിരുന്ന ചാനലുകളില്‍ സ്‌ഫോടനം ലൈവായി പുറം ലോകം കണ്ടു. ഉഗ്ര സ്‌ഫോടനം നടക്കുന്നതും ആളുകള്‍ ചിതറിയോടുന്നതും കറുത്ത പുക ഉയരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.
ആദ്യം അഞ്ചു പേര്‍ മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു ഡസനിലധികം ആളുകള്‍ മരിച്ചതായാണ് കണക്കുകള്‍. അതേസമയം സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് പരിക്കില്ലെന്ന് പ്രധാനമന്ത്രി മഈന്‍ അബ്ദുല്‍ മാലിക് വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ഇറാന്‍ പിന്തുണയുള്ള ഹൂതികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.